സണ്‍റൈസേഴ്‌സിന് ആശ്വാസ വാര്‍ത്ത. ബാംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പ് ക്യാമ്പില്‍ ചേരാന്‍ നാട്ടിലേക്ക് മടങ്ങില്ല.

ഹൈദരാബാദ്: ഐപിഎല്ലില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ആശങ്കകള്‍ക്കിടയില്‍ സണ്‍റൈസേഴ്‌സിന് ആശ്വാസ വാര്‍ത്ത. ബാംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പ് ക്യാമ്പില്‍ ചേരാന്‍ നാട്ടിലേക്ക് മടങ്ങില്ല. ഐപിഎല്‍ അവസാനിക്കും വരെ ഇന്ത്യയില്‍ തുടരാനാണ് ഷാക്കിബിന്‍റെ തീരുമാനം.

വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഷാക്കിബിന് ന്യൂസീലന്‍ഡിനെതിരായ പരമ്പര നഷ്ടമായിരുന്നു. പരുക്കില്‍ നിന്ന് മുക്‌തനായി ഐപിഎല്‍ കളിക്കാനെത്തിയ ഷാക്കിബിന് സൈഡ് ബഞ്ചിലായിരുന്നു മിക്കപ്പോഴും സ്ഥാനം. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. എന്നാല്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഷാക്കിബിന് ഒഴിവ് നികത്താനാകും. ഇത് സണ്‍റൈസേഴ്‌സിന് സന്തോഷം നല്‍കുന്ന കാര്യമാണ്. 

ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ ഉപനായകനാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലാദേശ് ബൗളിംഗ് പരിശീലകന്‍ കോട്‌നി വാല്‍ഷിന്‍റെ പിന്തുണയോടെയാണ് ഷാക്കിബ് ഐപിഎല്ലില്‍ തുടരുന്നത് എന്നാണ് സൂചനകള്‍. മുതിര്‍ന്ന താരമെന്ന നിലയില്‍ ബാംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും സെലക്‌ടര്‍മാരുമായും നല്ല ബന്ധമാണ് ഷാക്കിബിനുള്ളത്. ഷാക്കിബ് പക്വതയുള്ള താരമാണെന്നും വര്‍ക്ക് ലോഡും ഫിറ്റ്‌നസും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാമെന്നും ബംഗ്ലാദേശ് സെലക്‌ടര്‍ ഹബീബുള്‍ ബാഷര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.