മൂന്ന് മുന്‍ ചാമ്പ്യന്‍മാര്‍ അവസാന നാലില്‍ ഇടംപിടിക്കുമെന്ന് വോണ്‍. ഇതുവരെ കിരീടം ഉയര്‍ത്താത്ത ടീം വോണിന്‍റെ പട്ടികയില്‍ ഇടംപിടിച്ചെന്നതും ശ്രദ്ധേം. 

ചെന്നൈ: ഐ പി എല്‍ 12-ാം സീസണില്‍ കപ്പുയര്‍ത്തുന്ന ടീമിനെ ഇതിഹാസ താരം ഷെയ്‌ന്‍ വോണ്‍ പ്രവചിച്ചപ്പോള്‍ ഒരു സര്‍പ്രൈസ്. മാച്ച് വിന്നേര്‍സ് നിറഞ്ഞ രാജസ്ഥാന്‍ കപ്പുയര്‍ത്തുമെന്നാണ് വോണിന്‍റെ ട്വീറ്റ്. ഐ പി എല്ലിന്‍റെ ആദ്യ എഡിഷനില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഷെയ്‌ന്‍ വോണ്‍. 

ജോസ് ബട്ട്‌ലര്‍, സ്റ്റീവ് സ്‌മിത്ത്, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, ആഷ്‌ടണ്‍ ടര്‍ണര്‍, ജോഫ്രാ ആര്‍ച്ചര്‍, ഓഷേന്‍ തോമസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളടങ്ങിയ രാജസ്ഥാന്‍ പേപ്പറില്‍ കരുത്തരാണ്. പുതിയ പിങ്ക് ജഴ്‌സിയിലാണ് രാജസ്ഥാന്‍ ഇക്കുറി അങ്കത്തിനിറങ്ങുന്നത്. 

അവസാന നാലില്‍ എത്തുന്ന മറ്റ് മൂന്ന് ടീമുകളെയും വോണ്‍ പ്രവചിച്ചു. പ്രചനങ്ങളില്‍ പല പ്രമുഖരും തഴഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വോണിന്‍റെ പട്ടികയില്‍ ഇടംപിടിച്ചു. ശക്തമായ ടീമെന്ന വിശേഷണവുമായി ഇറങ്ങിയിട്ടും ഇതുവരെ ഐ പി എല്‍ കിരീടമുയര്‍ത്താന്‍ കഴിയാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് അവസാന നാലില്‍ എത്തുമെന്ന് വോണ്‍ പറയുന്ന മറ്റ് ടീമുകള്‍. നിലവിലെ ചാമ്പ്യന്‍മാരാണ് ചെന്നൈ. കൊല്‍ക്കത്തയും നേരത്തെ കപ്പുയര്‍ത്തിയിട്ടുണ്ട്. 

Scroll to load tweet…

ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത.