മുംബൈ: ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടംലഭിച്ച സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ഐപിഎല്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യത. മെയ് 2ന് ലോകകപ്പ് ടീം ക്യാമ്പ് തുടങ്ങുന്നതാണ് കാരണം. വാര്‍ണര്‍ സണ്‍റൈസേഴ്‌സിന്‍റെയും സ്‌മിത്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെയും താരമാണ്. 

'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ 12 മാസത്തെ വിലക്കിന് ശേഷമാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇരുവരെയും ഉള്‍പ്പെടുത്തുകയായിരുന്നു. മെയ് 30ന് ഇംഗ്ലണ്ടിലും വെയ്‌സിലുമായാണ് ലോകകപ്പ് ആരംഭിക്കുന്നത്. 

ഓസീസ് സൂപ്പര്‍ താരങ്ങള്‍ ഐപിഎല്‍ 12-ാം എഡിഷന്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയാല്‍ അത് ടീമുകള്‍ക്ക് തിരിച്ചടിയാവും. സണ്‍റൈസേഴ്‌സ് ഓപ്പണറായ വാര്‍ണര്‍ 400 റണ്‍സുമായി ഈ സീസണിലെ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ്. സ്‌മിത്താവട്ടെ(186 റണ്‍സ്) പഴയ വീര്യം പുറത്തെടുക്കുന്നില്ലെങ്കിലും രാജസ്ഥാന്‍റെ ഉറ്റ പ്രതീക്ഷയാണ്.