കൊല്‍ക്കത്ത: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ടിരുന്ന ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ ഐപിഎല്‍ തിരിച്ചുവരവ് ആരാധകര്‍ കാത്തിരുന്ന നിമിഷമായിരുന്നു. ആരാധകരുടെയും സണ്‍റൈസേ‌ഴ്സിന്‍റെയും വിശ്വാസം ആദ്യ മത്സരത്തില്‍ തന്നെ കാത്ത വാര്‍ണര്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ വാര്‍ണര്‍ 32 പന്തില്‍ അര്‍ദ്ധ സെ‍ഞ്ചുറിയിലെത്തി. ഒന്‍പതാം ഓവറില്‍ റസലിനെ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി തനത് ശൈലിയിലായിരുന്നു വാര്‍ണര്‍ 50 തികച്ചത്. 16-ാം ഓവറില്‍ റസലിന്‍റെ പന്തില്‍ ഉത്തപ്പയുടെ കൈകളില്‍ വാര്‍ണറുടെ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 53 പന്തില്‍ 85 റണ്‍സ് അക്കൗണ്ടിലുണ്ടായിരുന്നു. 

ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നു വാര്‍ണര്‍. നിരവധി ആശംസകളാണ് ഇതിഹാസ താരങ്ങളുടെ ഉള്‍പ്പെടെ വാര്‍ണറെ തേടിയെത്തിയത്. ലോകകപ്പ് ടീമിലിടം ലഭിക്കാന്‍ വാര്‍ണര്‍ക്ക് ഐപിഎല്ലില്‍ മികച്ച പ്രകടനം കാട്ടിയേ മതിയാകൂ.