ഐപിഎല്ലിന് മുമ്പ് ടീമില്‍ യുവിക്ക് സുപ്രധാന റോള്‍  ഉണ്ടെന്ന് നായകന്‍ രോഹിത് ശര്‍മയും  ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാനും വ്യക്തമാക്കിയിരുന്നു

മുംബെെ: ഐപിഎല്‍ ലേലത്തിന്‍റെ ആദ്യഘട്ടത്തില്‍ ആരും സ്വന്തമാക്കാതിരുന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ യുവ്‍രാജ് സിംഗിനെ ടീമിലെടുത്തത് മുംബെെ ഇന്ത്യന്‍സിന് ഏറെ കയ്യടി നേടിക്കൊടുത്തിരുന്നു. ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ മുന്നില്‍ നില്‍ക്കുന്ന യുവ്‍രാജിന്‍റെ പ്രഹരശേഷിക്ക് ഒരുകുറവും വന്നിട്ടില്ലെന്നായിരുന്നു ആരാധകരുടെ വിശ്വാസം.

അത് ഉറപ്പിക്കുന്നത് പോലെ ഐപിഎല്‍ 2019ലെ ആദ്യ മത്സരത്തില്‍ അര്‍ധശതകം നേടാനും യുവിക്ക് സാധിച്ചു. പിന്നീട് രണ്ട് മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ട് പോകാന്‍ താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് നാലാം മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായതോടെ യുവിക്ക് മറ്റൊരു അവസരം മുംബെെ ഇന്ത്യന്‍സ് നല്‍കിയില്ല.

ഇപ്പോള്‍ യുവി ഇല്ലാതെ അഞ്ച് മത്സരങ്ങള്‍ മുംബെെ പൂര്‍ത്തിയാക്കി. ഓരോ മത്സരങ്ങള്‍ക്കിറങ്ങുമ്പോഴും യുവി ടീമിലെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ടീം മാനേജ്മെന്‍റ് നിരാശരാക്കുകയാണ്. ഐപിഎല്ലിന് മുമ്പ് ടീമില്‍ യുവിക്ക് സുപ്രധാന റോള്‍ ഉണ്ടെന്ന് നായകന്‍ രോഹിത് ശര്‍മയും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാനും വ്യക്തമാക്കിയിരുന്നു.

യുവ്‌രാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നുമാണ് രോഹിത് പറഞ്ഞത്. പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്. യുവ്‌രാജ് സിംഗ് അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്ന് സഹീറും പറഞ്ഞിരുന്നു.

എന്നാല്‍, യുവിയെക്കാള്‍ പ്രകടനത്തില്‍ മികവ് പുലര്‍ത്താത്ത താരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുമ്പോള്‍ ഇതിഹാസ താരത്തെ പുറത്തിരുന്നതാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. യുവിയുടെ സഹതാരമായിരുന്ന ഇര്‍ഫാന്‍ പത്താനാണ് ട്വിറ്ററിലൂടെ യുവി എവിടെയെന്ന ചോദ്യം ആദ്യം ഉന്നയിച്ചത്.

ഇതോടെ ആരാധകര്‍ സമാന ചോദ്യങ്ങളുമായി എത്തുകയായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 130.66 സ്ട്രെെക്ക് റേറ്റോടെ 98 റണ്‍സാണ് യുവി നേടിയത്. യുവിക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ അത്രയും മത്സരങ്ങളില്‍ നിന്ന് 50 റണ്‍സ് മാത്രമാണ് നേടിയതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

മുമ്പ് ഇര്‍ഫാന്‍ പത്താനെയും സമാനമായി ടീമിലെടുത്ത ശേഷം അവസരം കൊടുത്തില്ലെന്ന വിമര്‍ശനം ചെന്നെെ സൂപ്പര്‍ കിംഗ്സിനെതിരെയും റെെസിംഗ് പൂനെ സൂപ്പര്‍ ജയന്‍റസിനെതിരെയും ആരാധകര്‍ ഉന്നയിച്ചിരുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…