ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെ ചെന്നൈ ആരാധകരെ നിരാശരാക്കി പരിശീലന സെഷനിലെ എം എസ് ധോണിയുടെ അസാന്നിധ്യം. ഇന്നലെ ചെപ്പോക്കില്‍ പരിശീലനത്തിനിറങ്ങിയ ചെന്നൈ ടീമിനൊപ്പം ധോണിയുണ്ടായിരുന്നില്ല.

 പനിമൂലം കഴിഞ്ഞ മത്സരത്തില്‍ നിന്ന് ധോണിയും ജഡേജയും വിട്ടുനിന്നുിരുന്നു. ജഡേജ മൂന്നു മണിക്കൂര്‍ നീണ്ട പരിശീലന സെഷനില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഡല്‍ഹി-ചെന്നൈ മത്സരത്തിലെ വിജയികളായിരിക്കും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുക. ഇരുടീമുകള്‍ക്കും നിലവില്‍ 16 പോയന്റ് വീതമാണുള്ളത്.

ജഡേജയും ധോണിയുമില്ലാതെ ഇറങ്ങിയ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം ദയനീയമായി തോറ്റിരുന്നു . അവസാനം കളിച്ച നാലു കളികളില്‍ മൂന്നിലും തോറ്റ ചെന്നൈക്ക് പ്ലേ ഓഫിന്  മുമ്പ് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. ധോണിയുടെ അഭാവത്തില്‍ മുംബൈക്കെതിരെ അംബാട്ടി റായുഡുവായിരുന്നു ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍.