കര്‍ണാടകയുടെ ഇടംകൈയന്‍ സ്‌പിന്നര്‍ ജഗദീശ സുചിതിനെ ടീമിലെടുത്ത് ഡല്‍ഹി കാപിറ്റല്‍സ്. കിംഗ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഹര്‍ഷാലിന്‍റെ വലതുകൈക്ക് പരുക്കേറ്റിരുന്നു.

ദില്ലി: പരുക്കേറ്റ ഹര്‍ഷാല്‍ പട്ടേലിന് പകരം കര്‍ണാടകയുടെ ഇടംകൈയന്‍ സ്‌പിന്നര്‍ ജഗദീശ സുചിതിനെ ടീമിലെടുത്ത് ഡല്‍ഹി കാപിറ്റല്‍സ്. കിംഗ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഹര്‍ഷാലിന്‍റെ വലതുകൈക്ക് പരുക്കേറ്റിരുന്നു. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മുന്‍പ് കളിച്ചിട്ടുള്ള താരമാണ് സുചിത്. മുംബൈയില്‍ 2015 സീസണില്‍ 10 ലക്ഷം രൂപയ്ക്ക് എത്തിയ താരം 13 മത്സരങ്ങളില്‍ 10 വിക്കറ്റ് നേടി. 8.64 ആണ് ഇക്കോണമി. അടുത്ത സീസണില്‍ മുംബൈ നിലനിര്‍ത്തിയെങ്കിലും താരത്തിന് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. അതിന് ശേഷം ആദ്യമായാണ് സുചിത് ഐപിഎല്ലിലെത്തുന്നത്.

സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാട്ടിയതാണ് ഇപ്പോള്‍ ജഗദീശ സുചിതിന് ഐപിഎല്‍ മടങ്ങിവരവിന് തുണയായത്. 6.55 ഇക്കോണമിയില്‍ 12 മത്സരങ്ങളില്‍ 10 വിക്കറ്റ് വീഴ്‌ത്താന്‍ താരത്തിനായി. ഡല്‍ഹി കാപിറ്റല്‍സ് ഇന്ന് രാത്രി എട്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.