ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്‌ച മുംബൈ ഇന്ത്യന്‍സിനൊപ്പം ബുംറ പരിശീലനം നടത്തി. പരിശീലനം ഇരുപത് മിനുറ്റോളം നീണ്ടുനിന്നു.

ബെംഗളൂരു: മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പരിക്ക് ഗുരുതരമല്ല എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു ആശ്വാസ വാര്‍ത്ത കൂടി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്‌ച മുംബൈ ഇന്ത്യന്‍സിനൊപ്പം ബുംറ പരിശീലനം നടത്തി. പന്തെറിഞ്ഞില്ലെങ്കിലും വാംഅപ് പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ പേസര്‍ മടങ്ങിയത്. പരിശീലനം ഇരുപത് മിനുറ്റോളം നീണ്ടുനിന്നു.

വാംഖഡെയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിന് ഇടയിലാണ് ബുംറയുടെ ഇടത് തോളിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ ബുംറയുടെ പരിക്ക് സംബന്ധിച്ച് ആരാധകര്‍ക്കും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിനും ആശങ്കളുണ്ടായിരുന്നു. ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ ആശ്വാസമായത്. 

മാര്‍ച്ച് 28ന് ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മുംബൈ ഇന്ത്യന്‍സ് നേരിടും. പരിശീലനത്തിനിടെ റോയല്‍ ചലഞ്ചേഴ്‌സിന്‍റെയും ഇന്ത്യന്‍ ടീമിന്‍റെയും നായകനായ വിരാട് കോലിയുമായി ബുംറ സംസാരിച്ചു. ലോകകപ്പ് പദ്ധതികളുടെ ഭാഗമായ ബുംറയുടെ ഫിറ്റ്‌നസ് ഇന്ത്യന്‍ ടീമും നിരീക്ഷിക്കുന്നുണ്ട്. താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതകളെ കുറിച്ച് പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.