11 കളികളില്‍ 10 വിക്കറ്റ് മാത്രം നേടി താരം റണ്‍സേറെ വഴങ്ങുകയും ചെയ്തു. ഒരുഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായി ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മത്സരിക്കുന്ന ബൗളര്‍ എന്നുവരെ ആരാധകര്‍ ഉനദ്ഘട്ടിനെ ട്രോളി.
ജയ്പൂര്‍: ഐപിഎല്‍ താരലലേത്തില്‍ കഴിഞ്ഞ സീസണിലും ഈ സീസണിലും റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ കളിക്കാരനാണ് ജയദേവ് ഉനദ്ഘട്. കഴിഞ്ഞ സീസണില്‍ 11 കോടി രൂപയ്ക്ക് ടീമിലെത്തയ താരം ഇത്തവണ 8.5 കോടി രൂപക്കാണ് രാജസ്ഥാന്‍ ടീമിലെത്തിത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷക്കൊത്തതോ ഐപിഎല്‍ ലേലത്തിലെ പൊന്നുംവിലയെ സാധൂകരിക്കുന്നതോ ആയ പ്രകടനമല്ല ഇത്തവണ ഉനദ്ഘട്ടില്‍ നിന്നുണ്ടായത്.
11 കളികളില്‍ 10 വിക്കറ്റ് മാത്രം നേടി താരം റണ്‍സേറെ വഴങ്ങുകയും ചെയ്തു. ഒരുഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായി ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മത്സരിക്കുന്ന ബൗളര്‍ എന്നുവരെ ആരാധകര്‍ ഉനദ്ഘട്ടിനെ ട്രോളി. എന്നാല്‍ ഈ സീസണിലെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉനദ്ഘട്ട് ട്വിറ്ററിലൂടെ.
രാജസ്ഥാന്റെ യഥാര്‍ത്ഥ ആരാധകരോട്(മറ്റുള്ളവരുടെ വീഴ്ചയിലും വേദനയിലും ആനന്ദം കണ്ടെത്തുന്നവരോടല്ല) ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകാത്തതില്‍. ആബ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളും ഫോമും കണ്ട് എന്നില്‍ നിന്ന് നിങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് അറിയാം. കണക്കുകള്‍ നിരത്തി പറയട്ടെ, ഓരോ തിരിച്ചടിയില്‍ നിന്നും ഞാന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നിട്ടുണ്ട്. 19-ാം വയസില്‍ ആദ്യ ടെസ്റ്റ് കളിച്ചതുമുതല്‍. അതുകൊണ്ടുതന്നെ ഇനിയും തിരിച്ചുവരും.കൂടുതല്‍ കരുത്തോടെ മികവോടെ-ഉനദ്ഘട്ട് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഉനദ്ഘട്ടിന്റെ ക്ഷമാപണത്തിന് ആരാധകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍ മറ്റു ചിലര്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനായി 24 വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഐപിഎല്‍ താരലേലത്തില്‍ ഉനദ്ഘട്ട് പൊന്നുംവിലയുള്ള ബൗളറായത്. സീസണില്‍ 11 പോയന്റ് മാത്രം നേടിയ രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
