ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പിന് പിന്നിലെ പ്രധാനിയാണ് ജോണി ബെയര്‍സ്റ്റോ. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ബെയര്‍സ്റ്റോ നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഹൈദരാബാദിന്റെ വിജയങ്ങളില്‍ പലപ്പോഴും നിര്‍ണായകമാകാറുള്ളത്.

കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനായി വിമാനത്തില്‍ കയറിയതായിരുന്നു സണ്‍റൈസേഴ്സ് താരങ്ങള്‍. അപ്പോഴാണ് ടീം നായകനായ കെയ്ന്‍ വില്യംസണെ ഒന്ന് പേടിപ്പിക്കാന്‍ ബെയര്‍സ്റ്റോക്ക് തോന്നിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ തലകുനിച്ച് ഒളിച്ചിരുന്ന് വില്യംസണ്‍ നടന്നുവരുമ്പോള്‍ പേടിപ്പിക്കാനായിരുന്നു ബെയര്‍സ്റ്റോയുടെ പദ്ധതി.

എന്നാല്‍ വില്യംസണ് മുമ്പ് ഫ്ലൈറ്റ് അറ്റന്‍ഡാണ് ആദ്യം കടന്നുവന്നത്. വില്യംസണാണെന്ന് കരുതി ബെയര്‍സ്റ്റോ ശബ്ദമുണ്ടാക്കി പേടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാമ് അമളി മനസിലായത്.ഐപിഎല്ലില്‍ പരിക്കുമൂലം വില്യംസണ്‍ ഇതുവരെ ഹൈദരാബാദിനായി കളിക്കാനിറങ്ങിയിട്ടില്ല. വില്യംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്