ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡ പരിക്കേറ്റ് പുറത്ത്. പുറംവേദനയാണ് താരത്തിന് വിനയായത്. 

ദില്ലി: ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡ പരിക്കേറ്റ് പുറത്ത്. പുറംവേദനയാണ് താരത്തിന് വിനയായത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ താരത്തോട് തിരികെയെക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. 

ഐപിഎല്ലില്‍ ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് റബാഡയുടെ സമ്പാദ്യം. രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന ലീഗ് മത്സരവും പ്ലേ ഓഫ് മത്സരങ്ങളും റബാഡയ്‌ക്ക് നഷ്ടമാകും. 

ദില്ലിയില്‍ റോയല്‍ ചല‌‌ഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് റബാഡ പരിക്കിന്‍റെ ലക്ഷണങ്ങള്‍ ആദ്യം കാണിച്ചത്. തൊട്ടടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ഇതിന് പിന്നാലെ റബാഡയെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. റബാഡയുടെ പരിക്ക് ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആശങ്ക നല്‍കുന്നതാണ്.