മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 184 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തുത്. മലയാളി താരം സന്ദീപ് വാര്യറുടെ രണ്ട് വിക്കറ്റ് പ്രകടനം കൊല്‍ത്തയ്ക്ക് ഗുണമായി. 24 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത സാം കറനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. നിക്കോളാസ് പുറന്‍ 27 പന്തില്‍ 48 റണ്‍സെടുത്തു. 

കെ.എല്‍ രാഹുല്‍ (7 പന്തില്‍ 2), ക്രിസ് ഗെയ്ല്‍ (14 പന്തില്‍ 14) എന്നിവരെ തുടക്കത്തില്‍ തന്നെ സന്ദീപ് പറഞ്ഞയച്ചു. പിന്നീട് ഒത്തിച്ചേര്‍ന്ന മായങ്ക് അഗര്‍വാള്‍ (36)- പുറന്‍ കൂട്ടുക്കെട്ടാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓറവുകളില്‍  കറന്‍ പുറത്തെടുത്ത പ്രകടനം കിങ്‌സ് ഇലവനെ 180 കടക്കാന്‍ സഹായിച്ചു. മന്‍ദീപ് സിങ് (25) റണ്‍സെടുത്തു. അശ്വിന്‍  റണ്‍സൊന്നുമെടുക്കാതെ മടങ്ങി. കറനൊപ്പം ആന്‍ഡ്ര്യൂ ടൈ (0) പുറത്താവാതെ നിന്നു.

സന്ദീപിന്റെ വിക്കറ്റുകള്‍ക്ക് പുറമെ ഹാരി ഗര്‍ണി, ആന്ദ്രേ റസ്സല്‍, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.