ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഫോമിലല്ലാത്ത ഹെറ്റ്‌മയര്‍ക്ക് പകരം പേസര്‍ ടിം സൗത്തിയും ഉമേഷ് യാദവിന് പകരം പവന്‍ നേഗിയും ബാംഗ്ലൂര്‍ ഇലവനിലെത്തി. ഇതേസമയം സുനില്‍ നരൈയ്‌നിന്‍റെ തിരിച്ചുവരവാണ് കൊല്‍ക്കത്തയിലെ ഏക മാറ്റം. 

ആദ്യ നാല് കളികളും തോറ്റാണ് ബാംഗ്ലൂര്‍ അങ്കത്തിനിറങ്ങുന്നത്. കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാനാവാത്തതാണ് ബാംഗ്ലൂരിനെ അലട്ടുന്നത്. വിരാട് കോലിയും എ ബി ഡിവിലിയേഴ്സും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. ഭേദപ്പെട്ട പ്രകടനം നടത്താനായത് പാര്‍ഥിവ് പട്ടേലിന് മാത്രം. ബൗളിംഗ് മികവ് യുസ്‍വേന്ദ്ര ചാഹലില്‍ അവസാനിക്കുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ശക്തമായ തിരിച്ചുവരവാണ് സ്വന്തം തട്ടകത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.