Asianet News MalayalamAsianet News Malayalam

തലങ്ങും വിലങ്ങും അടിയേറ്റ് വാങ്ങി; ഗ്രൗണ്ടില്‍ പൊട്ടിക്കര‍ഞ്ഞ് കുല്‍ദീപ്

പതിനഞ്ചാം ഓവറില്‍ 122 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്കോര്‍. എന്നാല്‍, പിന്നീട് ശരവേഗത്തിലാണ് ആര്‍സിബിയുടെ സ്കോര്‍ കുതിച്ചത്. അതില്‍ ഏറ്റവും പ്രഹരമേറ്റ് വാങ്ങിയത് കുല്‍ദീപ് യാദവാണ്

Kuldeep cries in ground
Author
Kolkata, First Published Apr 19, 2019, 11:26 PM IST

കൊല്‍ക്കത്ത: വിജയം എന്ന ഒറ്റലക്ഷ്യം മാത്രം മുന്നില്‍ വച്ചാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിനെതിരെ പോരാട്ടത്തിനിറങ്ങിയത്. എ ബി ഡിവില്ലിയേഴ്സിന്‍റെ അഭാവത്തിലും വിരാട് കോലിയും മോയിന്‍ അലിയും മിന്നിയതോടെ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 214 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ആര്‍സിബി പടുത്തുയര്‍ത്തിയത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ അതിവേഗ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആര്‍സിബി മികച്ച സ്കോര്‍ കുറിച്ചത്. പതിനഞ്ചാം ഓവറില്‍ 122 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്കോര്‍. എന്നാല്‍, പിന്നീട് ശരവേഗത്തിലാണ് ആര്‍സിബിയുടെ സ്കോര്‍ കുതിച്ചത്.

അതില്‍ ഏറ്റവും പ്രഹരമേറ്റ് വാങ്ങിയത് കുല്‍ദീപ് യാദവാണ്. ഓവറിന്‍റെ അവസാന പന്തില്‍ മോയിന്‍ അലിയെ പുറത്താക്കിയെങ്കിലും ആദ്യ അഞ്ച് പന്തില്‍ താരം വിട്ടുനല്‍കിയത് 27 റണ്‍സാണ്. ഈ ഐപിഎല്ലില്‍ വിക്കറ്റുകള്‍ നേടാന്‍ വിഷമിക്കുന്ന കുല്‍ദീപ് നാല് ഓവറില്‍ വഴങ്ങിയത് 59 റണ്‍സാണ്.

ഐപിഎല്‍ ചരിത്രത്തില്‍ ഒരു സ്പിന്നറുടെ ഏറ്റവും മോശം റെക്കോര്‍ഡിന് ഒപ്പമാണ് കൊല്‍ക്കത്തയ്ക്ക് എതിരായ പ്രകടനത്തിലൂടെ കുല്‍ദീപ് എത്തി നില്‍ക്കുന്നത്. ഇതോടെ തന്‍റെ ഓവറിന് ശേഷം കുല്‍ദീപിന് സ്വയം നിയന്ത്രിക്കാനായില്ല. ബൗണ്ടറിക്ക് സമീപം എത്തിയ താരം സങ്കടം സഹിക്കാന്‍ സാധിക്കാതെ ഗ്രൗണ്ടില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു. സഹതാരം നിതീഷ് റാണ എത്തിയാണ് കുല്‍ദീപിനെ ആശ്വസിപ്പിച്ചത്.

2019 ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച കുല്‍ദീപ് നാല് വിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ നേടിയത്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം ഉറപ്പിച്ചെങ്കിലും ഈ പ്രകടനം കുല്‍ദീപിന് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. കോലി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ അംഗമായ മോയിന്‍ അലിയില്‍ നിന്ന് അടിയേറ്റ് വാങ്ങിയത് തിരിച്ചടിയാണ്.

അടുത്തയിടെ ഒരു അഭിമുഖത്തില്‍ തനിക്ക് ഐപിഎല്ലില്‍ തിളങ്ങാനാവാത്തത് ഇന്ത്യന്‍ ടീമില്‍ ആദ്യ പതിനൊന്നില്‍ ഇടം നേടുന്നതിന് തടസമാകുമെന്ന് കുല്‍ദീപ് തന്നെ പറഞ്ഞിരുന്നു. അതിനൊപ്പം ഇന്ന് അടി വാങ്ങി കൂട്ടിയതും കൂടിയായതോടെയാണ് താരത്തിന് സ്വയം നിയന്ത്രിക്കാനാവാതെ പോയത്. 

Follow Us:
Download App:
  • android
  • ios