ചെന്നൈ: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ ചെന്നൈയ്‌ക്ക് ചെറിയ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 131 റണ്‍സെടുത്തു. മുംബൈയ്‌ക്കായി രാഹുല്‍ ചഹാര്‍ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്‌ത്തി. എം എസ് ധോണിയും(29 പന്തില്‍ 37) അമ്പാട്ടി റായുഡുവും(37 പന്തില്‍ 42) പുറത്താകാതെ നിന്നു.

ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ തുടക്കം വന്‍ തകര്‍ച്ചയായി. സ്‌പിന്നിന് അനുകൂലമായ ചെപ്പോക്ക് പിച്ചില്‍ രാഹുല്‍ ചഹാറും ക്രുനാല്‍ പാണ്ഡ്യയും ജയന്ത് യാദവും പന്ത് വട്ടംകറക്കിയപ്പോള്‍ ചെന്നൈ വെള്ളംകുടിച്ചു. പവര്‍ പ്ലേയില്‍ 32 റണ്‍സ് എടുക്കുന്നതിനിടെ ഡുപ്ലസിസും(6) റെയ്‌നയും(5) വാട്‌സണും(10) കൂടാരം കയറി. കേദാറിന് പകരം ടീമിലെത്തിയ മുരളി വിജയ്‌ക്ക് നേടാനായത് 26 പന്തില്‍ അത്രതന്നെ റണ്‍സ്. 

അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും എം എസ് ധോണിയും ചെന്നൈയെ കരകയറ്റി. 15 ഓവറില്‍ ചെന്നൈ 91-4. അവസാന ഓവറുകളില്‍ കാര്യമായ അടി പുറത്തെടുക്കാന്‍ ഇരുവരെയും മുംബൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. മലിംഗയെ 19-ാം ഓവറില്‍ രണ്ട് സിക്സടിച്ച ധോണിയെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ബുംറ പുറത്താക്കിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഈ ഓവറില്‍ ഒന്‍പത് അടിച്ച് ചെന്നൈ 131ല്‍ എത്തുകയായിരുന്നു.