കൊല്‍ക്കത്ത: ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എം എസ് ധോണി നയിക്കുന്ന ടീം എക്കാലത്തും ക്രിക്കറ്റ് പണ്ഡിതര്‍ക്ക് ഒരു വിസ്‌മയമാണ്. വയസന്‍ പടയെന്ന് വിമര്‍ശിച്ചവര്‍ക്ക്  കപ്പിലൂടെയാണ് 'തല'യും സംഘവും കഴിഞ്ഞ സീസണില്‍ മറുപടി പറഞ്ഞത്. മറ്റ് ടീമുകള്‍ക്കൊന്നും ഇല്ലാത്ത ഒരു മാന്ത്രിക കരുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ടെന്ന് വ്യക്തം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹപരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറുമായ സൈമണ്‍ കാറ്റിച്ച് പറയുന്നത് എം എസ് ധോണിയാണ് ചെന്നൈയുടെ അത്ഭുത ഊര്‍ജം എന്നാണ്. ചെന്നൈയ്‌ക്ക് പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുണ്ട്. വലിയ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള അവരെ നയിക്കുന്നത് എക്കാലത്തെയും മികച്ച താരമായ എം എസ് ധോണിയാണെന്നും കൊല്‍ക്കത്ത സഹ പരിശീലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയിരിക്കുന്ന ചെന്നൈയ്ക്ക് ഒരു മുന്നറിയിപ്പും കാറ്റിച്ച് നല്‍കുന്നു. തങ്ങളുടെ ടീമിലും ഒട്ടേറെ സീനിയര്‍ താരങ്ങളുണ്ട്. അവര്‍ ജൂനിയര്‍ താരങ്ങള്‍ക്ക് അനുഭവപരിചയം കൈമാറുമെന്നും ഈ സീസണില്‍ എങ്ങനെ കിരീടം നേടാമെന്ന് കാട്ടിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു. ആന്ദ്രേ റസലിനെ വിസ്‌മയ താരമെന്ന് വിശേഷിപ്പിക്കാനും മുന്‍ ഓസീസ് താരം മറന്നില്ല.