Asianet News MalayalamAsianet News Malayalam

ഈ പിച്ചല്ല ഞങ്ങള്‍ക്ക് വേണ്ടത്; ചെന്നൈയിലെ സ്പിന്‍ കെണിക്കെതിരെ ധോണിയും

കുറഞ്ഞ സ്കോര്‍ പിറക്കുന്ന മത്സരങ്ങള്‍ അല്ല ചെന്നൈയില്‍ ഞങ്ങളും ആഗ്രഹിക്കുന്നത്. ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് കുറച്ചു കടുപ്പമാണ്.

MS Dhoni Slams Chepauk Wicket Again
Author
Chennai, First Published Apr 10, 2019, 5:27 PM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കുതിപ്പിന് പിന്നില്‍ നിര്‍ണായകമാകുന്നത് ചെന്നൈയിലെ സ്ലോ വിക്കറ്റാണെന്ന എതിരാളികളുടെ ആരോപണങ്ങള്‍ ശരിവെച്ച് ചെന്നൈ നായകന്‍ എം എസ് ധോണിയും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരശേഷമാണ് ധോണി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിച്ചത്.

കൊല്‍ക്കത്തക്കെതിരെ നേടിയ ജയത്തില്‍ സന്തോഷമുണ്ട്. പക്ഷെ ഇതിനെക്കാള്‍ മികച്ച വിക്കറ്റാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ പിച്ചിനായി ഉപയോഗിച്ചിരിക്കുന്ന കളിമണ്ണും ചെന്നൈയിലെ കനത്ത ചൂടും കാരണം എല്ലാവരും നിസാഹയരാണ്. ക്യൂറേറ്റര്‍മാര്‍ മികച്ച വിക്കറ്റ് ഒരുക്കാനായി അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ കളിയിലെത്തുമ്പോള്‍ അതെല്ലാം വെറുതെയാവുകയാണ്.

കുറഞ്ഞ സ്കോര്‍ പിറക്കുന്ന മത്സരങ്ങള്‍ അല്ല ചെന്നൈയില്‍ ഞങ്ങളും ആഗ്രഹിക്കുന്നത്. ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് കുറച്ചു കടുപ്പമാണ്. രണ്ടാം ഇന്നിംഗ്സില്‍ മഞ്ഞുവീഴ്ച ഉണ്ടാവുന്നതിനാല്‍ ബാറ്റിംഗ് കുറച്ചുകൂടി എളുപ്പമാകും. എങ്കിലും ചെന്നൈ ബാറ്റ്സ്മാന്‍മാരും സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ട്.-ധോണി പറഞ്ഞു.

ചെന്നൈയിലെ ടേണിംഗ് വിക്കറ്റില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങുന്ന ചെന്നൈ എതിരാളികളെ വീഴ്ത്തുന്നതാണ് ഓരോ മത്സരങ്ങളിലും കണ്ടത്. ദീപക് ചാഹറിനൊപ്പം ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ചെന്നൈക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്യാറുള്ളത്. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തലും സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 108 റണ്‍സെടുത്തപ്പോള്‍ ചെന്നൈ 16 പന്ത് ബാക്കി നിര്‍ത്തി വിജയവര കടന്നു.

Follow Us:
Download App:
  • android
  • ios