നാല് ഓവറില്‍ വിട്ടുകൊടുത്തത് 66 റണ്‍സ്. ഇതോടെ കുല്‍ദീപ് യാദവിന്‍റെ പേരിലുണ്ടായിരുന്ന നാണക്കേട് മുജീബ് ഏറ്റുവാങ്ങി. 

ഹൈദരാബാദ്: പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്‌പിന്നര്‍ മുജീബ് റഹ്‌മാന്‍ ഇത്ര പ്രതീക്ഷിച്ചുകാണില്ല. സണ്‍റൈസേഴ്‌സ് ബാറ്റ്സ്‌മാന്‍മാര്‍ അടിപൂരമാക്കിയപ്പോള്‍ മുജീബിന് മത്സരം സമ്മാനിച്ചത് മറക്കാനാഗ്രഹിക്കുന്ന റെക്കോര്‍ഡ്. മത്സരത്തില്‍ നാല് ഓവറില്‍ 66 റണ്‍സ് വഴങ്ങിയ മുജീബ് ഐപിഎല്ലില്‍ ഒരു സ്‌പിന്നര്‍ വിട്ടുകൊടുക്കുന്ന ഉയര്‍ന്ന റണ്‍സെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡിലെത്തി.

ആര്‍സിബിക്കെതിരെ ഈ സീസണില്‍ തന്നെ കൊല്‍ക്കത്തന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് വിട്ടുകൊടുത്ത 59 റണ്‍സാണ് മുജീബിന്‍റെ മോശം പ്രകടനം മറികടന്നത്. മുജീബിന്‍റെ അവസാന ഓവറില്‍ മാത്രം വില്യംസണും നബിയും ചേര്‍ന്ന് 26 റണ്‍സ് അടിച്ചെടുത്തു. വില്യംസണിന്‍റെ വക ഒന്നുവീതം സിക്‌സും ഫോറും നബിയുടെ ബാറ്റില്‍ നിന്ന് രണ്ട് സിക്‌സും ഈ ഓവറില്‍ അതിര്‍ത്തി കടന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സെടുത്തു. 81 റണ്‍സെടുത്ത വാര്‍ണറാണ് ടോപ് സ്‌കോറര്‍. പഞ്ചാബിനായി ഷമിയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌‌ത്തി.