വാംഖഡെയില്‍ ബാറ്റിംഗ് എപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയത്. ആക്രമിച്ച് കളിക്കുകയായിരുന്നു ലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിനെ ജയത്തിലെത്തിച്ച നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് വിജയം സമര്‍പ്പിച്ചത് ഭാര്യക്ക്. ഭാര്യയുടെ പിറന്നാള്‍ ദിനമാണിന്നെന്നും വിജയം അവള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ പൊള്ളാര്‍ഡ് പറഞ്ഞു. ഇത്തരമൊരു പ്രകടനം പുറത്തെടുക്കാന്‍ കരുത്തുനല്‍കിയ ദൈവത്തിന് നന്ദി പറയുന്നുവെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

വാംഖഡെയില്‍ ബാറ്റിംഗ് എപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയത്. ആക്രമിച്ച് കളിക്കുകയായിരുന്നു ലക്ഷ്യം. സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാത്തതിനാല്‍ അശ്വിനെതിരെ ആക്രമിച്ച് കളിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യ ഓവറുകളില്‍ അത് നടപ്പായില്ല. പഞ്ചാബ് മികച്ച തുടക്കമിട്ടെങ്കിലും ഇടയ്ക്ക് ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായി.

ഇതാണ് വിജയത്തില്‍ നിര്‍ണായകമായത്. അവസാന ഓവറുകളില്‍ കളി കൈവിട്ടെങ്കിലും അതിന് ബൗളര്‍മാരെ കുറ്റം പറയാനാവില്ല. രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമല്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് വിശ്രമം അനുവദിച്ചതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ മുംബൈയെ നയിക്കാന്‍ രോഹിത് എത്തുമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.