പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച പഞ്ചാബ്, ഹിമാചല്‍പ്രദേശ് സ്വദേശികളായ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്കാണ് കിംഗ്സ് ഇലവന്‍ മാനേജ്മെന്റ് ചെക്കുകള്‍ കൈമാറിയത്.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ആദ്യ കിരീടം തേടിയിറങ്ങുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന് കളത്തിലിറങ്ങും മുമ്പെ ആരാധകരുടെ കൈയടി. പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരില്‍ അഞ്ചുപേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചാണ് കിംഗ്സ് ആരാധകരുടെ കൈയടി നേടിയത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച പഞ്ചാബ്, ഹിമാചല്‍പ്രദേശ് സ്വദേശികളായ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്കാണ് കിംഗ്സ് ഇലവന്‍ മാനേജ്മെന്റ് ചെക്കുകള്‍ കൈമാറിയത്. ഭീകരാക്രമണത്തില്‍ മരിച്ച ജവാന്‍മാരായ ജൈമല്‍ സിംഗ്, സുഖ്ജിന്ദര്‍ സിംഗ്, മനീന്ദര്‍ സിംഗ്, കുല്‍വീന്ദര്‍ സിംഗ്, തിലക് രാജ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ചെക്കുകള്‍ ഏറ്റുവാങ്ങി.

കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിന്‍, സിആര്‍പിഎഫ് ഡിഐജി വി കെ കൗണ്ഡല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ഐപിഎല്‍ ഉദ്ഘാടനമത്സരത്തിലെ വരുമാനം പുല്‍വാമ ആക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബത്തിന് കൈമാറുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും വ്യക്തമാക്കിയിരുന്നു.