ദില്ലി: ഡല്‍ഹി കാപിറ്റല്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ മുട്ടന്‍ പണി. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് അശ്വിന് പണിയായത്. ഇക്കാരണത്താല്‍ അശ്വിന്‍ 12 ലക്ഷം രൂപ പിഴയടക്കേണ്ടി വരും. ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയടയ്‌ക്കേണ്ടി വരുന്ന നാലാമത്തെ ക്യാപ്റ്റനാമ് ആര്‍. അശ്വിന്‍. 

നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി എന്നിവര്‍ക്ക് പിഴയടയ്‌ക്കേണ്ടി വന്നിരുന്നു. ഒരിക്കല്‍ കൂടി ഈ പിഴവ് വരുത്തിയില്‍ ശിക്ഷ കടക്കും. അങ്ങനെയെങ്കില്‍ മത്സരങ്ങളില്‍ നിന്ന് വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. മാത്രമല്ല, ക്യാപ്റ്റന് പുറമെ താരങ്ങളും പിഴയടയ്‌ക്കേണ്ടതായിട്ട് വരും.

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വി. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും പഞ്ചാബിന് തോല്‍വിയായിരുന്നു ഫലം. എങ്കിലും ഇപ്പോഴും നാലാം സ്ഥാനത്തുണ്ട് പഞ്ചാബ്.