Asianet News MalayalamAsianet News Malayalam

ക്യാപ്റ്റന്‍ മാറി; മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മൂന്നാം ജയം. പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.

Rajasthan Royals back to winning ways by beating Mumbai Indians
Author
Jaipur, First Published Apr 20, 2019, 7:51 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മൂന്നാം ജയം. പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 59 റണ്‍സുമായി പുറത്താവാതെ നിന്ന സ്മിത്താണ് വിജയശില്‍പി. റിയാന്‍ പരഗ് (29 പന്തില്‍ 43), സഞ്ജു സാംസണ്‍ (19 പന്തില്‍ 35) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (12 പന്തില്‍ 12) പെട്ടന്ന് മടങ്ങി. എന്നാല്‍ ഓപ്പണറായി എത്തിയ സഞ്ജുവിന്റെ ഇന്നിങ്‌സ് രാജസ്ഥാന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. എന്നാല്‍ സഞ്ജുവിനെ രാഹുല്‍ ചാഹര്‍ മടക്കിയയച്ചു. പിന്നാലെ എത്തിയ ബെന്‍ സ്റ്റോക്‌സി (0)ന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. എന്നാല്‍ പരഗ്- സ്മിത്ത് കൂട്ടുക്കെട്ട് തുണയായി. ഇരുവരും 70 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പരാഗ്, ആഷ്ടണ്‍ ടര്‍ണര്‍ (0) എന്നിവര്‍ തൊട്ടടുത്ത പന്തുകളില്‍ മടങ്ങിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നി (നാല് പന്തില്‍ ഏഴ്) വിജയം പൂര്‍ത്തിയാക്കി. ചാഹര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി

നേരത്തെ, മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. 47 പന്തില്‍ 65 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി ശ്രേയാസ് ഗോപാല്‍ രണ്ട് വിക്കറ്റെടുത്തു. 

മൂന്നാം ഓവറില്‍ തന്നെ മുംബൈക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (ഏഴ് പന്തില്‍ അഞ്ച്) നഷ്ടമായി. ശ്രേയാസ് ഗോപാല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും (33 പന്തില്‍ 34) ഡി കോക്കുമാണ് മുംബൈയെ കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയതോടെ മുംബൈയുടെ റണ്‍നിരക്ക് കുറഞ്ഞു. യാദവിനെ ഗോപാലും സ്റ്റുവര്‍ട്ട് ബിന്നിയും ഡി കോക്കിനെ ഗോപാലും മടക്കി.

ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 23), കീറണ്‍ പൊള്ളാര്‍ഡ് (ഏഴ് പന്തില്‍ 10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബെന്‍ കട്ടിങ് (13), ക്രുനാല്‍ പാണ്ഡ്യ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ഗോപാലിന് പുറമെ ബിന്നി, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios