Asianet News MalayalamAsianet News Malayalam

വീണ്ടും തോല്‍വി,കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളടച്ച് രാജസ്ഥാന്‍

പത്തൊമ്പതാം ഓവറില്‍ പരാഗ് ഹിറ്റ് വിക്കറ്റായി പുറത്താവുമ്പോള്‍ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടാം പന്തില്‍ സിക്സറും നേടി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

Rajasthan Royals beat Kolkata Knight Riders by 3 wickets
Author
Kolkata, First Published Apr 25, 2019, 11:59 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 175 റണ്‍സടിച്ചപ്പോള്‍ അജിങ്ക്യാ രഹാനെ, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരിലൂടെ രാജസ്ഥാന്‍ വിജയലക്ഷ്യത്തിലെത്തി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 175/6, രാജസ്ഥാന്‍ റോയല്‍സ് ഓവറില്‍ 19.2 ഓവറില്‍ 177/7.

രഹാനെയും(34),സഞ്ജുവും(22) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.2 ഓവറില്‍ 53 റണ്‍സടിച്ച് രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്പിന്നര്‍മാരിലൂടെ തിരിച്ചടിച്ച കൊല്‍ക്കത്ത കളി തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. പതിനാറാം ഓവറില്‍ 123/6 ലേക്ക് കൂപ്പുകുത്തിയ രാജസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും റയാന്‍ പരാഗും(47) ജോഫ്ര ആര്‍ച്ചറും 12 പന്തില്‍ 27 നോട്ടൗട്ട് ചേര്‍ന്ന് രാജസ്ഥാനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. പത്തൊമ്പതാം ഓവറില്‍ പരാഗ് ഹിറ്റ് വിക്കറ്റായി പുറത്താവുമ്പോള്‍ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടാം പന്തില്‍ സിക്സറും നേടി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

പേസര്‍മാരുടെ കൈവിട്ട കളിയാണ് കൊല്‍ക്കത്തയില്‍ നിന്ന് മത്സരം കൈവിട്ടുപോകാന്‍ കാരണം. പ്രസിദ്ധ് കൃഷ്ണ 3.2 ഓറില്‍ 43 റണ്‍സ് വഴങ്ങിയപ്പോള്‍ ആന്ദ്രെ റസല്‍ മൂന്നോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്തു. യാരാ പൃഥ്വിരാജ് രണ്ടോവറില്‍ വഴങ്ങിയത് 28 റണ്‍സ്. നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത പിയൂഷ് ചൗളയും നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത സുനില്‍ നരെയ്നും മാത്രമെ കൊല്‍ക്കത്ത നിരയില്‍ ബൗളിംഗില്‍ തിളങ്ങിയുള്ളു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ധവല്‍ കുല്‍ക്കര്‍ണിക്ക് പകരം ടീമിലെത്തിയ വരുണ്‍ ആരോണ്‍ ആഞ്ഞടിച്ചതോടെ കൊല്‍ക്കത്തയ്ക്ക് തുടക്കം പിഴച്ചു. ഓപ്പണര്‍മാരായ ലിന്നും(0) ഗില്ലും(14) പുറത്താകുമ്പോള്‍ അഞ്ച് ഓവറില്‍ 31 റണ്‍സ്. റാണയ്ക്കും(21) നരെയ്‌നും(11) വീതം റണ്‍സാണ് നേടാനായത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത 115-5.

അവസാന ഓവറുകളില്‍ വെടിക്കെട്ടിന് പേരുകേട്ട റസലിനും തിളങ്ങാനായില്ല. വിന്‍ഡീസ് സഹതാരം ഓഷേന്‍ തോമസിന്റെ ബൗണ്‍സറില്‍ റസല്‍, പരാഗിന്റെ കൈകളില്‍ അവസാനിച്ചു. ബ്രാത്ത്‌വെയ്റ്റ്(5) വന്നപോലെ മടങ്ങി. എന്നാല്‍ അവസാന നാല് ഓവറില്‍ 60 റണ്‍സടിച്ച് ദിനേശ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്ത മികച്ച സ്‌കോറിലെത്തി.  50 പന്തില്‍ 97 റണ്‍സുമായി കാര്‍ത്തിക് കൊല്‍ക്കത്തയുടെ ടോപ് സ്കോററായി. ഒന്‍പത് സിക്‌സുകളാണ് ഡികെയുടെ ബാറ്റില്‍ നിന്ന് പറന്നത്. കാര്‍ത്തിക്കിനൊപ്പം റിങ്കു സിംഗ്(3)പുറത്താകാതെ നിന്നു.

Follow Us:
Download App:
  • android
  • ios