Asianet News MalayalamAsianet News Malayalam

രസംകൊല്ലിയായി മഴ; ഐപിഎല്ലില്‍ രാജസ്ഥാനും ബാംഗ്ലൂരും പോയിന്‍റ് പങ്കിട്ടു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വീണ്ടും മഴയെത്തിയതോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

RCB- RR match abandoned due to heavy rain
Author
Bengaluru, First Published May 1, 2019, 12:44 AM IST

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വീണ്ടും മഴയെത്തിയതോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ 3.2 ഓവറില്‍ ഒന്നിന് 41  എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായി. 

13 പന്തില്‍ മൂന്ന് സിക്‌സും രണ്ടും ഫോറും ഉള്‍പ്പെടെ 28 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. ലിയാം ലിവിങ്സ്റ്റണ്‍ ഏഴ് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ വിരാട് കോലിയുടെ (ഏഴ് പന്തില്‍ 25) കരുത്തില്‍ മികച്ച സ്‌കോറിലേക്ക് പോവുകായായിരുന്ന ബാംഗ്ലൂരിനെ ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനമാണ് പിടിച്ചുക്കെട്ടിയത്. ഒരോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ താരം കോലി, ഡിവില്ലിയേഴ്‌സ്, സ്‌റ്റോയിനിസ് എന്നിവരെ പുറത്താക്കി.

ഡിവില്ലിയേഴ്‌സ് (4 പന്തില്‍ 10), സ്റ്റോയിനിസ് (0), ഗുര്‍കീരത് സിങ് മന്‍ (6), ഹെന്റിച്ച് ക്ലാസന്‍ (6) പാര്‍ത്ഥിവ് പട്ടേല്‍ (8), പവന്‍ നേഗി (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഉമേഷ് യാദവ് (0), നവ്ദീപ് സൈനി (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷാനെ തോമസ് രണ്ടും റിയാന്‍ പരഗ്, ജയദേവ് ഉനദ്ഘട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാംഗ്ലൂര്‍ നിരയില്‍ കോലിക്കും ഡിവില്ലിയേഴ്‌സിനും ശേഷം ക്രീസിലെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

Follow Us:
Download App:
  • android
  • ios