ബംഗളൂരു: ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ ഇനിയും സാധ്യതയുണ്ടെന്നിരിക്കെ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ് ആര്‍സിബിക്ക് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. നേരത്തെ പരിക്കേറ്റ നഥാന്‍ കൗള്‍ട്ടര്‍- നൈലിന് പകരമായിട്ടാണ് സ്റ്റെയ്ന്‍ ടീമിലെത്തിയിരുന്നത്. രണ്ട് മത്സരങ്ങള്‍ മാത്രമാണ് സ്റ്റെയ്ന്‍ ബാംഗ്ലൂരിനായി കളിച്ചത്.

സ്റ്റെയ്‌നിന്റെ പരിക്ക് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ബാഗ്ലൂരിനായി കളിച്ച രണ്ട് മത്സരങ്ങളിലും പവര്‍ പ്ലേകളില്‍ വിക്കറ്റ് നേടിയ താരമായിരുന്നു സ്റ്റെയ്ന്‍. ഇതുകൊണ്ടൊക്കെ താരം കളത്തിന് പുറത്തിരിക്കുമ്പോള്‍ കോലിക്ക് ആധിയുണ്ട്. താരം പെട്ടന്ന് സുഖം പ്രാപിക്കുന്നതിന് പ്രാര്‍ത്ഥിച്ചിരിക്കുകയാണ് കോലി. 

''പരിക്ക് എത്രയും വേഗം സുഖപ്പെടട്ടെ. ഫീല്‍ഡിലും പുറത്തും നിങ്ങളൊരു ചാംപ്യനാണ്...'' എന്ന് കോലി ട്വീറ്റ് ചെയ്തു. താരത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിന് നഷ്ടമാവുമെന്ന് ആര്‍സിബി ടീം മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.