ഋഷഭ് പന്ത് പക്വതയുള്ള താരമായിക്കഴിഞ്ഞു എന്ന് സൂപ്പര്‍ ഇന്നിംഗ്‌സിന് ശേഷമുള്ള പ്രതികരണം വ്യക്തമാക്കുന്നു. 

മുംബൈ: ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യുവതാരം ഋഷഭ് പന്ത്. ഐപിഎല്‍ 12-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ഇത് വ്യക്തമാക്കുന്നു. 'അല്‍പം കൂടി ഉത്തരവാദിത്വം കാട്ടണം' പന്ത് എന്ന വിമര്‍ശനങ്ങളെ മറികടക്കുകയായിരുന്നു ഈ വെടിക്കെട്ട് ഇന്നിംഗ്‌സില്‍. ബാറ്റിംഗില്‍ മാത്രമല്ല, വാക്കുകളിലും പക്വത കൈവരിച്ച പന്തിനെയാണ് വാംഖഡയില്‍ കണ്ടത്.

വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിന് ശേഷം പന്തിന്‍റെ പ്രതികരണമിങ്ങനെ. ;ഇതൊരു മഹത്തായ യാത്രയാണ്. എല്ലാ ദിവസവും എന്തെങ്കിലും സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു. മികച്ച സ്‌കോര്‍ കണ്ടെത്തുമ്പോഴും ടീം വിജയിക്കുമ്പോഴും വളരെയധികം സന്തോഷമുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ബാറ്റ് ചെയ്യാറ്. ടി20യില്‍ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യേണ്ടതുണ്ടെന്നും' ഋഷഭ് പന്ത് മത്സര ശേഷം പറഞ്ഞു. 

ഡല്‍ഹി ക്യാപിറ്റല്‍സിനായി 18 പന്തില്‍ പന്ത് അമ്പത് തികച്ചു. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ പന്ത് 27 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പന്തിന്‍റെ മികവില്‍ ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. മുംബൈയുടെ പേസ് എക്‌സ്‌പ്രസ് ജസ്‌പ്രീത് ബുംറ വരെ പന്തിന്‍റെ ബാറ്റില്‍ നിന്ന് തല്ലുവാങ്ങി. മറുപടി ബാറ്റിംഗില്‍ യുവി പൊരുതിയെങ്കിലും 37 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.