മത്സരശേഷം മാച്ച് റഫറിയുടെ ഹിയറിംഗില്‍ രോഹിത് തെറ്റ് സമ്മതിക്കുകയും പിഴശിക്ഷ അംഗീകരിക്കുകയും ചെയ്തു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് പിഴ ശിക്ഷയും. ഔട്ടായതിന് ശേഷം തിരിച്ചുപോകുമ്പോള്‍ ബാറ്റുകൊണ്ട് സ്റ്റംപില്‍ തട്ടിയതിനാണ് രോഹിത്തിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ വിധിച്ചത്.

മുംബൈ ഇന്നിംഗ്സിന്റെ നാലാം ഓവറില്‍ ഗുര്‍നെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രോഹിത്തിനെ അമ്പയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചിരുന്നു. അമ്പയറുടെ തീരുമാനം റിവ്യു ചെയ്തെങ്കിലും പന്ത് വിക്കറ്റ് കൊള്ളുമെന്നതിനാല്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിയാണെന്ന് റിവ്യു വന്നു.

ഔട്ടായതോടെ രോഹിത് അമ്പയറുടെത്തേക്ക് നടന്ന് എന്തോ പറഞ്ഞ് ബാറ്റുകൊണ്ട് സ്റ്റംപില്‍ തട്ടുകയായിരുന്നു. ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. മത്സരശേഷം മാച്ച് റഫറിയുടെ ഹിയറിംഗില്‍ രോഹിത് തെറ്റ് സമ്മതിക്കുകയും പിഴശിക്ഷ അംഗീകരിക്കുകയും ചെയ്തു.