ബംഗലൂരു: എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ എതിരാളികള്‍ ഒരിക്കലും വിജയം ഉറപ്പിക്കാറില്ല. കാരണം ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ എന്തും സാധ്യമാണ്. പക്ഷെ മുംബൈ ഇന്ത്യന്‍സിനെതിരെ ഡിവില്ലിയേഴ്സ് പുറത്താവാതെ ക്രീസിലുണ്ടായിട്ടും ബംഗലൂരു തോറ്റു. അതും ആറ് റണ്‍സിന്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് റണ്‍ പിന്തുടരുമ്പോള്‍ ഡിവില്ലിയേഴ്സ് പുറത്താവാതെ ക്രീസിലുണ്ടായിട്ടും അദ്ദേഹത്തിന്റെ  ടീം മത്സരം തോല്‍ക്കുന്നത്. ഇതിന് മുമ്പ് റണ്‍ പിന്തുടരുമ്പോള്‍ ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിരുന്നപ്പോള്‍ ബംഗലൂരു പന്ത്രണ്ടും  ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മൂന്നും കളികള്‍ ജയിച്ചിട്ടുണ്ട്.

എന്നാല്‍ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി ഡിവില്ലിയേഴ്സ് ഇന്നലെ പിന്നിട്ടു. മുംബൈക്കെതിരെ ആദ്യ സിക്സര്‍ പറത്തിയതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 100 സിക്സറടിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ഡിവില്ലിയേഴ്സ്. ബംഗലൂരുവിനായി ഇതേ വേദിയില്‍ 126 സിക്സറടിച്ചിട്ടുള്ള ക്രിസ് ഗെയിലാണ് ഡിവില്ലിയേഴ്സിന്റെ മുന്‍ഗാമി.