Asianet News MalayalamAsianet News Malayalam

റോയല്‍ ചലഞ്ചേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സിന്‍റെ സാധ്യതകള്‍ പാതിവഴിയില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കിനി പാതി ജീവന്‍. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഹൈദരാബാദിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്.

Royal Challengers won and Sunrisers in edge of relegation
Author
Bengaluru, First Published May 4, 2019, 11:44 PM IST

ബാംഗ്ലൂര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കിനി പാതി ജീവന്‍. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഹൈദരാബാദിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ മാത്രമെ ഹൈദരാബാദിന് അവസാന നാലില്‍ ഇടം നേടാന്‍ സാധിക്കൂ. നിലവില്‍ 14 മത്സരങ്ങളില്‍ 12 പോയിന്റാണ് ഹൈദരാബാദിനുള്ളത്. കൊല്‍ത്തയ്ക്കും 12 പോയിന്റുണ്ട്. മുംബൈയെ തോല്‍പ്പിച്ചാല്‍ 14 പോയിന്റോടെ അവസാന നാലിലെത്തും.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (43 പന്തില്‍ 70) അര്‍ധ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഹൈദരാബാദ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂര്‍ ലക്ഷ്യം മറികടന്നു. ഷിംറോണ്‍ ഹെറ്റ്മ്യര്‍ (47 പന്തില്‍ 75), ഗുര്‍കീരത് സിങ് മന്‍ (48 പന്തില്‍ 65) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. 

പാര്‍ത്ഥിവ് പട്ടേല്‍ (0), വിരാട് കോലി (16), ഡിവില്ലിയേഴ്‌സ് (1), വാഷിങ്ടണ്‍ സുന്ദര്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (3), ഉമേഷ് യാദവ് (9) എന്നിവര്‍ പുറത്താവാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 29 വഴങ്ങി. 

നേരത്തെ, ഹൈദരാബാദ് നിരയില്‍ വില്യംസണ് പുറമെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (30), വിജയ് ശങ്കര്‍ (27) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. വൃദ്ധിമാന്‍ സാഹ (20), മനീഷ് പാണ്ഡെ (9), യൂസഫ് പഠാന്‍ (3), മുഹമ്മദ് നബി (4), റാഷിദ് ഖാന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്യംസണിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ (7) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സൈനിക്ക് രണ്ട് വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios