വാട്‌സണിന്‍റെ വിക്കറ്റൊന്നുമല്ല മുംബൈയുടെ വിജയം നിര്‍ണയിച്ചതെന്ന് മുംബൈ ഇന്ത്യന്‍സ് ടീം ഐക്കണ്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ മത്സരശേഷം പറഞ്ഞു. 

ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവസാന പന്തില്‍ തോല്‍പിച്ച് മുംബൈ നാലാം കിരീടമാണ് ഉയര്‍ത്തിയത്. ടി20യുടെ എല്ലാ ത്രില്ലറും നിറഞ്ഞ മത്സരത്തില്‍ പൊള്ളാര്‍ഡിന്‍റെ ബാറ്റിംഗും അവസാന ഓവറുകളിലെ ബുംറ- മലിംഗ കൊടുങ്കാറ്റുമാണ് മുംബൈയ്‌ക്ക് ഒരു റണ്ണിന്‍റെ ആവേശ ജയം സമ്മാനിച്ചത്. കൈവിട്ട ക്യാച്ചുകളിലൂടെ പലതവണ ജീവന്‍ തിരിച്ചുകിട്ടിയ വാട്‌സണിന്‍റെ ബാറ്റിംഗിനെ അതിജീവിക്കുക കൂടിയായിരുന്നു മുംബൈ ഇന്ത്യന്‍സ്. 

എന്നാല്‍ വാട്‌സണിന്‍റെ വിക്കറ്റൊന്നുമല്ല മുംബൈയുടെ വിജയം നിര്‍ണയിച്ചതെന്ന് മുംബൈ ഇന്ത്യന്‍സ് ടീം ഐക്കണ്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ മത്സരശേഷം പറഞ്ഞു. 'എം എസ് ധോണിയുടെ റണ്ണൗട്ടാണ് കളി തിരിച്ചത്. ബുംറയുടെ തകര്‍പ്പന്‍ ഓവറുകളും മലിംഗ അടിവാങ്ങിയ ഓവറും നിര്‍ണായകമായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ മനോഹരമായി മലിംഗ മത്സരം ഫിനിഷ് ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് ഫൈനലില്‍ 129 റണ്‍സ് തങ്ങള്‍ പ്രതിരോധിച്ചിരുന്നു. അതിനാല്‍ ആത്മവിശ്വാസമുണ്ടായിരുന്നതായും' മത്സരശേഷം സച്ചിന്‍ പറഞ്ഞു.

എം എസ് ധോണി പുറത്തായെങ്കിലും വാട്‌സണ്‍ ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഡെത്ത് ഓവറുകളില്‍ പരിചയസമ്പന്നരായ ബൗളര്‍മാരെ ഉപയോഗിക്കാനുള്ള രോഹിത് ശര്‍മ്മയുടെ തന്ത്രം വിജയിച്ചുവെന്ന് പരിശീലകന്‍ മഹേള ജയവര്‍ദ്ധന വ്യക്തമാക്കി. 

അവസാന പന്തുവരെ ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒറ്റ റൺസിന് തോൽപിച്ചാണ് മുംബൈ ചാമ്പ്യൻമാരായത്. മുംബൈയുടെ 149 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് 148 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മലിംഗ അവസാന പന്തില്‍ ഷര്‍ദുല്‍ താക്കൂറിനെ പുറത്താക്കുകയായിരുന്നു. വാട്‌സണ്‍ 80 റണ്‍സെടുത്ത് പുറത്തായി. നേരത്തെ 25 പന്തിൽ പുറത്താവാതെ 41റൺസെടുത്ത പൊള്ളാർഡാണ് മുംബൈയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.