കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണം ഉത്തപ്പയുടെ മെല്ലെപ്പോക്കാണെന്ന് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ വാക്കുകള്‍ ശരിവെക്കുന്നു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ പഴി മുഴുവന്‍ റോബിന്‍ ഉത്തപ്പയ്‌ക്കായിരുന്നു. ഇന്നിംഗ്‌സിലുടനീളം ഇഴഞ്ഞ ഉത്തപ്പ 47 പന്തില്‍ 40 റണ്‍സ് മാത്രമാണ് എടുത്തത്. കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണം ഉത്തപ്പയുടെ മെല്ലെപ്പോക്കാണെന്ന് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ വാക്കുകള്‍ ശരിവെക്കുന്നു.
പ്ലെയിംഗ് ഇലവനില്‍ ഉത്തപ്പയെ തിരിച്ചെടുത്തതിന്‍റെ വില കൊല്‍ക്കത്തയ്‌ക്ക് നല്‍കേണ്ടിവന്നു. നിര്‍ണായകമായ മൂന്നാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ നല്‍കിയതിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും സഞ്ജയ് മഞ്ജരേക്കര്‍ തുറന്നടിച്ചു. ഉത്തപ്പയ്‌ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന ഹര്‍ഷാ ഭോഗ്‌ലെയുടെ അഭിപ്രായത്തോടായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം.
മുംബൈ ഇന്ത്യന്‍സിനോട് ഒന്‍പത് വിക്കറ്റിന്‍റെ പരാജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറ്റുവാങ്ങിയത്. ഇതോടെ തുല്യ പോയിന്‍റാണെങ്കിലും(12) നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമാവുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
