ഹൈദരാബാദ്: ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ സഞ്ജു വിരാട് കോലി, മുരളി വിജയ്, വിരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ഐപിഎല്ലിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

കോലിക്ക് നാലും വിജയിനും സെവാഗിനും രണ്ടും സെഞ്ചുറികള്‍ വീതമാണുള്ളത്. 2017ൽ പൂനെയ്ക്കെതിരെ ഡൽഹിക്ക് വേണ്ടിയായിരുന്നു സഞ്ജുവിന്‍റെ ആദ്യ സെഞ്ച്വറി.

ഹൈദരാബാദ് ബൗളർമാർക്കുമേൽ കത്തിക്കയറി സഞ്ജു മുപ്പത്തിനാല് പന്തിൽ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് നൂറിലെത്താൻ സഞ്ജുവിന് വേണ്ടിവന്നത് ഇരുപത് പന്തുകൾ മാത്രം. പത്ത് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.