രണ്ടാം ക്വാളിഫയറിൽ ഡൽഹി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയെ നേരിടും. ലീഗ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഡൽഹിയെ ചെന്നൈ തോൽപിച്ചിരുന്നു.  

വിശാഖപട്ടണം: ഐപിഎൽ ഫൈനലിൽ മുംബൈയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ ഡൽഹി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയെ നേരിടും. വിശാഖപട്ടണത്താണ് മത്സരം. 

ചെന്നൈ ആദ്യ ക്വാളിഫയറിൽ മുംബൈയോട് ആറ് വിക്കറ്റിന് തോറ്റു. സീസണിൽ മുംബൈയ്ക്കെതിരെ ചെന്നൈയുടെ മൂന്നാം തോൽവിയായിരുന്നു ഇത്. പരിചയ സമ്പന്നരാണെങ്കിലും പഴയപോലെ സ്ഥിരത പുലർത്താൻ ചെന്നൈ താരങ്ങൾക്ക് കഴിയുന്നില്ല. ബൗളിംഗിലും ഫീൽഡിംഗിലും ആശങ്കകളേറെ. 

എലിമിനേറ്ററിൽ ഹൈദരാബാദിനെ തോൽപിച്ചാണ് ഡൽഹിയെത്തുന്നത്. അവസാനമത്സരം വിശാഖപട്ടണത്ത് കളിച്ചത് ഡൽഹിക്ക് ഗുണം ചെയ്യും. നായകന്‍ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരുടെ പ്രകടനമാവും നിർണായകമാവുക. ലീഗ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഡൽഹിയെ ചെന്നൈ തോൽപിച്ചിരുന്നു.