Asianet News MalayalamAsianet News Malayalam

മങ്കാദിങ്ങില്‍ അശ്വിന് പിന്തുണ; മൈതാനം കയ്യടക്കിയ ധോണിക്ക് ടോഫലിന്‍റെ രൂക്ഷ വിമര്‍ശനം

കളിക്കാരോ, പരിശീലകരോ, മാനേജര്‍മാരോ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് ശരിയല്ല. ധോണിയുമായി സംസാരിക്കേണ്ട ആവശ്യം പോലും അംപയര്‍മാര്‍ക്കില്ലായിരുന്നെന്നും പുറത്തുപോകാനാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്നും ടോഫല്‍.

Simon Taufel backs R Ashwin on Mankading and criticize MS Dhoni
Author
Chennai, First Published Apr 27, 2019, 7:16 PM IST

ചെന്നൈ: ഐപിഎല്ലിലെ മങ്കാദിങ് വിവാദത്തില്‍ കിംഗ്‌സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിനെ പിന്തുണച്ച് മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍. ബൗളര്‍ പന്ത് റിലീസ് ചെയ്യും മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വീടുന്നത് തടയാനാണ് നിയമം. നോണ്‍ സ്‌ട്രൈക്കര്‍ ക്രീസില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുന്ന നിയമത്തെ താന്‍ പിന്തുണയ്ക്കുന്നതായും അശ്വിന്‍റെ നടപടി ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിന് യോജിച്ചതല്ലെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും ടോഫല്‍ വ്യക്തമാക്കി.

അശ്വിന്‍ മങ്കാദിങ് നടത്തിയത് മുന്‍വിധിയോടെയാണെന്ന വാദം ടോഫല്‍ തള്ളി. ബാറ്റ്സ‌്മാനെ എല്‍ബിയിലൂടെ, ബൗള്‍ഡിലൂടെ, ക്യാച്ചിലൂടെ അല്ലെങ്കില്‍ മറ്റ് വിധത്തില്‍ പുറത്താക്കാനാണ് ബൗളര്‍മാര്‍ എപ്പോഴും ശ്രമിക്കുന്നത്. ഇതൊക്കെ മുന്‍തീരുമാനത്തോടെയാണ് എന്നുപറഞ്ഞ് വിമര്‍ശിക്കാമോയെന്ന് ടോഫല്‍ ചോദിച്ചു. അതിനാല്‍ മുന്‍വിധിയോടെ എന്ന വിമര്‍ശനം നിലനില്‍ക്കില്ലെന്നും മങ്കാദിങ്ങിന് മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് നിയമത്തിലില്ലെന്നും ടോഫല്‍ പറഞ്ഞു.

ഐപിഎല്‍ 12-ാം എഡിഷനില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ കിംഗ്‌സ് ഇലവന്‍ നായകനും സ്‌പിന്നറുമായ ആര്‍ അശ്വിന്‍ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. ഇതില്‍ അശ്വിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ക്രിക്കറ്റ് ലോകത്ത് രംഗത്തെത്തിയത്. അശ്വിന്‍റെ മങ്കാദിങ്ങില്‍ പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ജോസ് ബട്‌ലര്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം മങ്കാദിങ്ങില്‍ പുറത്താകുന്നത്. 

അതേസമയം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നോബോള്‍ വിളിക്കാന്‍ അംപയറോട് ആവശ്യപ്പെട്ട് മൈതാനത്തിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയെ ഇതിഹാസ അംപയര്‍ രൂക്ഷമായി വിമര്‍ശിച്ചു. കളിക്കാരോ, പരിശീലകരോ, മാനേജര്‍മാരോ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് ശരിയല്ല. ധോണിയുമായി സംസാരിക്കേണ്ട ആവശ്യം പോലും അംപയര്‍മാര്‍ക്കില്ലായിരുന്നെന്നും പുറത്തുപോകാനാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്നും ടോഫല്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios