ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്ക് ചെറിയ ആശങ്ക നല്‍കുന്ന വാര്‍ത്തയാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് അറിയിച്ചത്. 

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ എം എസ് ധോണിക്കും രവീന്ദ്ര ജഡേജയ്ക്കും നഷ്ടമായിരുന്നു. പനി മൂലമാണ് ഇരുവര്‍ക്കും മത്സരത്തില്‍ കളിക്കാനാകാതെ പോയത്. താരങ്ങളുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ വിവരം നല്‍കിയിരിക്കുകയാണ് ചെന്നൈ സപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്.

ധോണിക്കും ജഡേജയ്‌ക്കും കടുത്ത പനിയാണ്. വൈറസും ബാക്‌ടീരിയയും ബാധിച്ചിട്ടുണ്ട്. ഒട്ടേറെ ടീമുകള്‍ സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായും ഫ്ലെമിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അംഗങ്ങളായ ഇരുവരുടെയും ആരോഗ്യനില ഇന്ത്യന്‍ മാനേജ്‌മെന്‍റും നിരീക്ഷിച്ചുവരികയാണ്. 

ധോണിയും ജഡേജയും കളിക്കാതിരുന്ന മത്സരത്തില്‍ മുംബൈയോട് ചെന്നൈ തോല്‍വി വഴങ്ങി. 46 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ഈ സീസണില്‍ ചെന്നൈയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ധോണി. മെയ് ഒന്നിന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ധോണിയും ജഡേജയും തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.