ചെന്നൈ: ധോണിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് അത്ര സൂപ്പറല്ലെന്ന് ഈ ഐപിഎല്ലില്‍ തന്നെ പല മത്സരങ്ങളിലും തെളിഞ്ഞതാണ്. ധോണിയില്ലാതെ ഇറങ്ങിയ മത്സരങ്ങള്‍ ചെന്നൈ തോല്‍ക്കുകയും ചെയ്തു. സുരേഷ് റെയ്നയായിരുന്നു ഈ മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചത്. ധോണിയുടെ അഭാവം നികത്തുക ബുദ്ധിമുട്ടാണെന്ന് റെയ്ന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ധോണി കളി മതിയാക്കിയാല്‍ അദ്ദേഹത്തിന്റെ വിടവ് നികത്തുക എളുപ്പമല്ല. ധോണി ആഗ്രഹിക്കുന്നിടത്തോളം ചെന്നൈയില്‍ തുടരും. അതിനുശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും റെയ്ന സൂചിപ്പിച്ചു. ധോണിയിലെ ക്യാപ്റ്റനെ നഷ്ടമാവുന്നത് ഒരുപക്ഷെ ചെന്നൈയെ അധികം ബാധിക്കില്ല. എന്നാല്‍ അദ്ദേഹത്തെപ്പോലൊരു ബാറ്റ്സ്മാന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നും റെയ്ന പറഞ്ഞു.

ധോണി ക്രീസിലെത്തുമ്പോള്‍ തന്നെ അത് എതിരാളികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം തന്നെയാണ് അതിന് തെളിവ്. ധോണി ടീമിലില്ലാത്ത മത്സരങ്ങള്‍ നോക്കിയാല്‍ ഇത് വ്യക്തമാവും. ഹൈദരാബാദിനും മുബൈക്കുമെതിരെ ഇതാണ് സംഭവിച്ചതെന്നും റെയ്ന പറഞ്ഞു. ബാറ്റ്സ്മാനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ചെന്നൈക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. വരുവര്‍ഷങ്ങളിലും അദ്ദേഹം അത് തുടരുമെന്നുതന്നെയാണ് കരുതുന്നത്. ആഗ്രഹിക്കുന്നിടത്തോളം ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹം ഉണ്ടാവുകയും ചെയ്യും-റെയ്ന പറഞ്ഞു.