ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് 2013 ഐപിഎല്ലില്‍ പൂനെ സിറ്റിക്കെതിരെ ബംഗലൂരുവിനായി ക്രിസ് ഗെയില്‍ നേടിയ 175 റണ്‍സ്. വെറും 66 പന്തില്‍ നിന്നായിരുന്നു ഗെയില്‍ 175 റണ്‍സടിച്ചത്.

ബംഗലൂരു: ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. 23ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പോരാട്ടത്തോടെയാണ് ഐപിഎല്ലിന്റെ പന്ത്രാണ്ടാം പതിപ്പിന് തുടക്കമാവുക. റെക്കോര്‍ഡുകള്‍ പലതും മാറ്റി എഴുതപ്പെടാറുള്ള ഐപിഎല്ലില്‍ മറികടക്കാന്‍ എളുപ്പമല്ലാത്ത ചില റെക്കോര്‍ഡുകളുമുണ്ട്. അവയില്‍ ചിലത് ഇതാ.

ക്രിസ് ഗെയിലിന്റെ 175 റണ്‍സ്

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് 2013 ഐപിഎല്ലില്‍ പൂനെ സിറ്റിക്കെതിരെ ബംഗലൂരുവിനായി ക്രിസ് ഗെയില്‍ നേടിയ 175 റണ്‍സ്. വെറും 66 പന്തില്‍ നിന്നായിരുന്നു ഗെയില്‍ 175 റണ്‍സടിച്ചത്. ഗെയില്‍ ബംഗലൂരു വിട്ടെങ്കിലും ഈ റെക്കോര്‍ഡിന് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല.

വിരാട് കോലിയുടെ 4 സെഞ്ചുറികള്‍

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ കളിക്കാരന്‍ ക്രിസ് ഗെയില്‍ തന്നെയാണ്. ആറ് സെഞ്ചുറികള്‍. എന്നാല്‍ ഒരു സീസണില്‍ നാലു സെഞ്ചുറികള്‍ അടിച്ചുകൂട്ടിയ ഒരുതാരമുണ്ട്. മറ്റാരുമല്ല, ബംഗലൂരു നായകന്‍ വിരാട് കോലി തന്നെ. 2016 സീസണിലായിരുന്നു കോലിയുടെ മിന്നും പ്രകടനം.

ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍

സിക്സറും ഫോറും കൊണ്ടു മാത്രം ടി20 ക്രിക്കറ്റില്‍ 150 റണ്‍സടിച്ച ഒരേയൊരു ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലാണ്. പൂനെക്കെതിരെ 175 റണ്‍സടിച്ച ഇന്നിംഗ്സില്‍ 17 സിക്സറുകളും 13 ബൗണ്ടറികളുമാണ് ഗെയില്‍ പറത്തിയത്. ഗെയില്‍ നേടിയ ആകെ റണ്‍സിന്റെ 88 ശതമാനവും ബൗണ്ടറിയിലൂടെയായിരുന്നു.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് ബംഗലൂരു നായകന്‍ വിരാട് കോലിയുടെ പേരിലാണ്. 2016 സീസണില്‍ കോലി നേടിയ 973 റണ്‍സ് മറികടക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കളിച്ച 16 ഇന്നിംഗ്സുകളില്‍ നാല് സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളുമാണ് കോലി അന്ന് അടിച്ചെടുത്തത്.