ഹൈദരാബാദ്: സണ്‍റൈസേ‌ഴ്‌സ് ഹൈദരാബാദിനെതിരെ ബൗളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം കാഴ്‌ചവെച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍വി വഴങ്ങിയത്. ഹൈദരാബാദില്‍ 118 റണ്‍സിനായിരുന്നു കോലിയുടെയും സംഘത്തിന്‍റെയും തോല്‍വി. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. ഇതോടെ രൂക്ഷ വിമര്‍ശനമാണ് കോലിക്കും സംഘത്തിനും നേര്‍ക്ക് ഉയരുന്നത്. 

നേരത്തെ ബെയര്‍സ്റ്റോ- വാര്‍ണര്‍ കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോര്‍ സണ്‍റൈസേഴ്‌സ് നേടി. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ നേടിയത് 185 റണ്‍സ്. ബെയര്‍‌സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. വാര്‍ണറും 100 റണ്‍സുമായി പുറത്താകാതെ നിന്നു. പന്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കിട്ടി. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് നബി നാലും സന്ദീപ് ശര്‍മ്മ മൂന്നും വിക്കറ്റ് തികച്ചതോടെ ബാംഗ്ലൂര്‍ തകരുകയായിരുന്നു. പാര്‍ത്ഥീവ്(11), ഹെറ്റ്‌മെയര്‍(9), കോലി(3), എബിഡി(1), മൊയിന്‍(2) എന്നിങ്ങനെയായിരുന്നു വമ്പന്‍മാരുടെ സ്‌കോര്‍.