Asianet News MalayalamAsianet News Malayalam

അടി വാങ്ങി ബാംഗ്ലൂര്‍ ബൗളർമാർ; ട്രോള്‍ പൊങ്കാലയുമായി ആരാധകർ

സിറാജിന് മാത്രമല്ല സൗത്തിയും സ്റ്റോയിനിസും അടക്കമുള്ള വമ്പന്‍മാര്‍ക്കും റസല്‍ പൂരത്തിനിടെ കണക്കിന് കിട്ടി. ഇതില്‍ രൂക്ഷ പരിഹാസമാണ് ട്രോളര്‍മാര്‍ ഉയര്‍ത്തുന്നത്. 

Twitter reacts as Mohammed Siraj Poor Bowling
Author
Bengaluru, First Published Apr 6, 2019, 11:58 AM IST

ബാംഗ്ലൂര്‍: എവിടെ പന്തെറിഞ്ഞാലും അടിപൂരം, എവിടെ ഫീല്‍ഡ് ചെയ്‌താലും കൈകളില്‍ ചോര്‍ച്ച. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഇന്ത്യന്‍ മീഡിയം പേസര്‍ മുഹമ്മദ് സിറാജ് മോശം പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്‌ചവെക്കുന്നത്. ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റിന് വിജയിച്ചത് സിറാജിന്‍റെ ചില മണ്ടത്തരങ്ങള്‍ കൊണ്ടുകൂടിയാണ്. സിറാജിന് മാത്രമല്ല സൗത്തിയും സ്റ്റോയിനിസും അടക്കമുള്ള വമ്പന്‍മാര്‍ക്കും റസല്‍ പൂരത്തിനിടെ കണക്കിന് കിട്ടി. 

മത്സരത്തില്‍ 2.2 ഓവര്‍ മാത്രമെറിഞ്ഞ സിറാജ് 36 റണ്‍സാണ് വിട്ടുകൊടുത്തത്. ഇക്കോണമി 15.4. ഇതില്‍ രണ്ട് നോബോളും ഒരു വൈഡുമുണ്ടായിരുന്നു. വിക്കറ്റൊന്നും നേടിയുമില്ല. കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 18-ാം ഓവര്‍ എറിയാനെത്തിയ സിറാജ് ഒരു പ്രഹസനമായി. ആദ്യ രണ്ട് പന്തിലും റസല്‍ റണ്‍സ് നേടിയില്ല. പിന്നെ റസലിന്‍റെ തലയ്ക്ക് മുകളിലൂടെ ഒരു വൈഡ്. വീണ്ടുമെറിഞ്ഞപ്പോള്‍ ബീമര്‍ നോബോള്‍. അത് റസല്‍ സിക്സര്‍ പറത്തി. ബൗളറെ മാറ്റേണ്ടിവന്നപ്പോള്‍ സ്റ്റോയിനിസ് ഓവര്‍ പൂര്‍ത്തിയാക്കാനെത്തി. ഈ ഓവറില്‍ സ്റ്റോയിനിസും കിട്ടി രണ്ട് സിക്‌സ്. 

പിന്നെയെല്ലാം റസല്‍ തനത് ശൈലിയില്‍ അടിച്ചെടുത്തു. ഇതോടെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ സിറാജിന് കേള്‍ക്കേണ്ടിവന്നത്. റണ്‍വഴങ്ങുന്ന റണ്‍ മെഷീന്‍ എന്നായിരുന്നു ചില ആരാധകരുടെ പരിഹാസം. റസലിനെ സൂപ്പര്‍ ഫോമിലെത്തിച്ചത് സിറാജിന്‍റെ മോശം ബൗളിംഗ് ആണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. രണ്ട് ക്യാച്ചും സിറാജ് നഷ്ടപ്പെടുത്തി. സൗത്തിയും(15.2) സ്റ്റോയിനിസും(16.8) ഉയര്‍ന്ന ഇക്കോണമി വഴങ്ങിവരിലുണ്ട്. 

അവസാന ഓവറുകളില്‍ റണ്‍സ് വാരിവിതറിയ ബൗളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി മത്സരത്തിന് ശേഷം രംഗത്തെത്തിയിരുന്നു. 17-ാം ഓവറില്‍ സെയ്‌നി 13 റണ്‍സ് വഴങ്ങി. സിറാജും സ്റ്റോയിനിസുമെറിഞ്ഞ 18-ാം ഓവറില്‍ 23 റണ്‍സ്. ഡെത്ത് ഓവറുകള്‍ക്ക് പേരുകേട്ട സൗത്തിയുടെ 19-ാം ഓവറില്‍ പിറന്നത് 29 റണ്‍സ്. എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയത്.

Follow Us:
Download App:
  • android
  • ios