ദില്ലി: ഐപിഎല്‍ 12-ാം സീസണിലെ മികച്ച ഇലവനെ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ എം എസ് ധോണിയും വിരാട് കോലിയും വീരുവിന്‍റെ ഇലവനില്ല എന്നതാണ് ശ്രദ്ധേയം. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകന്‍ എന്ന് വിശേഷണമുള്ള ധോണിക്ക് പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓസീസ് ഓപ്പണര്‍ ‍ഡേവിഡ് വാര്‍ണറെയാണ് സെവാഗ് നായകനാക്കിയിരിക്കുന്നത്.

സണ്‍റൈസേഴ്‌സില്‍ വാര്‍ണറുടെ സഹ ഓപ്പണറായ ജോണി ബെയര്‍‌സ്റ്റോ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍, സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ ഡല്‍ഹി കാപിറ്റല്‍സിന്‍റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. 

ബെയര്‍‌സ്റ്റോ- ധവാന്‍ സഖ്യമാണ് സെവാഗിന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം കെ എല്‍ രാഹുല്‍ മൂന്നാമനായി എത്തുമ്പോള്‍ നാലാം സ്ഥാനത്താണ് വെടിക്കെട്ട് വാര്‍ണറുടെ സ്ഥാനം. സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ വാര്‍ണറെ നാലാമനായി ഇറക്കുന്നതും ആര്‍സിബിയുടെ എബിഡി ഇടംപിടിക്കാത്തതും വീരുവിന്‍റെ ടീമിനെ വ്യത്യസ്‌തമാക്കുന്നു. താരങ്ങളുടെ പേര് നോക്കിയല്ല, പ്രകടനം വിലയിരുത്തിയാണ് താന്‍ ടീമിനെ പ്രഖ്യാപിക്കുന്നതെന്ന് വീരു പറയുന്നു. 

സെവാഗിന്‍റെ ഐപിഎല്‍ ഇലവന്‍
Shikhar Dhawan, Jonny Bairstow, KL Rahul, David Warner (c), Rishabh Pant, Andre Russell, Hardik Pandya, Shreyas Gopal, Kagiso Rabada, Rahul Chahar, Jasprit Bumrah.