പരുക്കുമൂലം രോഹിത് ശര്‍മ്മയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം നഷ്ടമായിരുന്നു. കഴിഞ്ഞ 11 സീസണുകള്‍ക്കിടെ ആദ്യമായാണ് മുംബൈ ഇന്ത്യന്‍സിനായി രോഹിത് ഒരു മത്സരത്തില്‍ കളിക്കാതിരുന്നത്.

മുംബൈ: ഐപിഎല്ലില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം നഷ്ടമായിരുന്നു. കഴിഞ്ഞ 11 സീസണുകള്‍ക്കിടെ ആദ്യമായാണ് മുംബൈ ഇന്ത്യന്‍സിനായി രോഹിത് ഒരു മത്സരത്തില്‍ കളിക്കാതിരുന്നത്. അടുത്ത മത്സരത്തില്‍ രോഹിത് കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ അടുത്ത മത്സരത്തില്‍ രോഹിത് പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ സൂചന നല്‍കി. അടുത്ത മത്സരത്തിനായി പരിഗണിക്കുന്ന താരങ്ങളില്‍ രോഹിതുണ്ട്. രോഹിത് ആത്മവിശ്വാസത്തിലാണ്. അത് മുംബൈ ഇന്ത്യന്‍സിന് ശുഭ സൂചനയാണ്. രോഹിത് കളിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സഹീര്‍ പറഞ്ഞു. 

വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് വെള്ളിയാഴ്‌ച പരിശീലനം നടത്തി. രോഹിത് കളിക്കാതിരുന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവനെ മൂന്ന് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്‌ച രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.