ഐപിഎല്ലില്‍ നാല് തവണ ജേതാക്കളായിട്ടുള്ള ടീമാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്‍റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടുമെന്നും ഫൈനലിലെത്തുമെന്നും ഇന്ത്യന്‍ മുൻ താരം ആകാശ് ചോപ്ര. എവേ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന സിഎസ്കെയ്ക്ക് കൂടുതൽ ഹോം മത്സരങ്ങൾ ബാക്കിയുണ്ട് എന്നത് അനുകൂലമാണെന്നും അഞ്ചാം ജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കിയെന്നും ചോപ്ര വ്യക്തമാക്കി. ഐപിഎല്ലില്‍ നാല് തവണ ജേതാക്കളായിട്ടുള്ള ടീമാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

'ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴില്‍ അഞ്ച് മത്സരങ്ങള്‍ ഇതുവരെ ജയിച്ചു. പ്ലേ ഓഫിന് യോഗ്യത നേടാന്‍ എട്ട് ജയമാണ് വേണ്ടത്. അതായത് ഇനിയുള്ള ഏഴില്‍ മൂന്ന് മത്സരങ്ങളേ ചെന്നൈക്ക് ജയിക്കേണ്ടതായുള്ളൂ. അതിലേറെ മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണ്. സിഎസ്‌കെ മുംബൈയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബെംഗളൂരുവിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കൊല്‍ക്കത്തയിലും പരാജയപ്പെടുത്തിയിരുന്നു. മൂന്ന് ഏവേ മത്സരങ്ങള്‍ വിജയിച്ചു. ഇനി ഏറെ ഹോം മത്സരങ്ങള്‍ കളിക്കാനുണ്ട്. ഒന്നാംസ്ഥാനത്തായി ലീഗ് ഘട്ടം ഫിനിഷ് ചെയ്യാനുള്ള എല്ലാ സാധ്യതയും ചെന്നൈക്ക് മുന്നിലുണ്ട്. ക്വാളിഫയ‍ര്‍ 1 ഉം എലിമിനേറ്ററും ചെപ്പോക്കിലാണ്. അതിനാല്‍ ഫൈനലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എത്താനുള്ള എല്ലാ സാധ്യതയുമുണ്ട്' എന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.

ഐപിഎല്ലില്‍ നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും 10 പോയിന്‍റുമായി ഒന്നാംസ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇത്രതന്നെ കളികളില്‍ എട്ട് പോയിന്‍റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനോടും പിന്നീട് രാജസ്ഥാന്‍ റോയല്‍സിനോടും മാത്രമാണ് ഈ സീസണില്‍ സിഎസ്‌കെ പരാജയപ്പെട്ടത്. 

Read more: രണ്ടാം ജയത്തിന് പിന്നാലെ ഇരുട്ടടി; ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് കനത്ത പിഴ