Asianet News MalayalamAsianet News Malayalam

രോഹിത്തിന്റെ നിര്‍ദേശമാണ് തുണച്ചത്! ക്യാപ്റ്റന്‍ പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ച് മുംബൈ പേസര്‍ ആകാശ് മധ്‌വാള്‍

മത്സരത്തിലെ താരമായതും ആകാശ് ആയിരുന്നു. ഈയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡുകാരനായ ആകാശ് മത്സരത്തിന് ശേഷം പറഞ്ഞു.

akash madhwal on his secret behind five wicket against lucknow super giants saa
Author
First Published May 25, 2023, 9:21 PM IST

ചെന്നൈ: ഐപിഎല്ലില്‍ ആകാശ് മധ്‌വാളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ക്കുന്നത്. തോറ്റതോടെ ലഖ്‌നൗ പ്ലേ ഓഫില്‍ തന്നെ പുറത്തായിരുന്നു. 81 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിന് മുംബൈ ഇന്ത്യന്‍സ് ടിക്കറ്റെടുത്തു. 

ചെപ്പോക്കിലെ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന്റെ എല്ലാവരും 101 റണ്‍സിന് പുറത്തായി. സ്‌കോര്‍: മുംബൈ- 182/8, ലഖ്നൗ- 101 (16.3). 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് വിട്ടുകൊടുത്താണ് മധ്‌വാള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തിലെ താരമായതും ആകാശ് ആയിരുന്നു. ഈയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡുകാരനായ ആകാശ് മത്സരത്തിന് ശേഷം പറഞ്ഞു. ആകാശിന്റെ ബൗളിംഗ് മികവില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കി. ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ഏഴ് കളിയില്‍ നിന്ന് വീഴ്ത്തിയത് 13വിക്കറ്റാണ്.

ഇപ്പോള്‍ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കുകയാണ് മധ്‌വാള്‍. നായകന്‍ രോഹിത് ശര്‍മയുടെ നിര്‍ദേശം തുണച്ചുവെന്നാണ് മധ്‌വാള്‍ പറയുന്നത്. ''പുതിയ പന്തുകള്‍ എറിയാന്‍ അവസരം കിട്ടിയപ്പോള്‍ ഹാര്‍ഡ് ലെങ്ത്തില്‍ പന്തെറിയാനാണ് ശ്രമിച്ചത്. എനിക്ക് താല്‍പര്യം അങ്ങനെ പന്തെറിയാനുമായിരുന്നു. ഇതേകാര്യം തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നോട് പറഞ്ഞത്. ഇഷ്ടമുള്ള രീതിയില്‍ പന്തെറിഞ്ഞോളൂ, പിച്ച് സഹായിക്കുമെന്നായിരുന്നു രോഹിത്തിന്റെ നിര്‍ദേശം. അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങള്‍ അതേപടി നടപ്പാക്കുകയായിരുന്നു.'' മധ്‌വാള്‍ മത്സരശേഷം പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പരമ്പര റദ്ദാകുമോ? ആകെ ആശയക്കുഴപ്പം

തന്റെ ആദ്യ ഓവറില്‍ പ്രേരക് മങ്കാദിനെ പുറത്താക്കിയാണ് ആകാശ് തുടങ്ങിയത്. എന്നാല്‍ താരം അമ്പരപ്പിക്കുമെന്ന് ആരാധകര്‍ കരുതയില്ല. ആയുഷ് ബദോനിയേയും നിക്കോളാസ് പുരാനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി ആകാശ് തന്റെ പ്രഹരശേഷി വ്യക്തമാക്കി. രവി ബിഷ്‌ണോയ്, മൊഹ്‌സന്‍ ഖാന്‍ എന്നിവരെക്കൂടി പുറത്താക്കിയപ്പോള്‍ ആകാശ് വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍മാത്രം.

Follow Us:
Download App:
  • android
  • ios