നിലവിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. ഇത് സൗദിക്കായി മാറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി 20 ലീഗ് എന്ന ലേബലിൽ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുമ്പോൾ ബിസിസിഐയു‌ടെ പ്രതികരണം പുറത്ത്. അത്തരത്തിലുള്ള ഒരു ലീ​ഗിലേക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിട്ടുനൽകാൻ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് എൻഡിഡിവി റിപ്പോർട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താൻ ഒരുക്കമല്ലാത്ത ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. ഇത് സൗദിക്കായി മാറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീ​ഗ് ആരംഭിക്കുന്നതിനായി ഐപിഎല്‍ ഉടമകളെ തന്നെ സൗദി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. പുറത്തുവരുന്ന വിവരമനുസരിച്ച്, ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്.

ക്രിക്കറ്റില്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ച വിവരം ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാര്‍ക്ലേ അന്ന് പറഞ്ഞതിങ്ങനെ... ''ക്രിക്കറ്റ് അവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതുന്നത്. കായികരംഗത്ത് നിക്ഷേപം നടത്താന്‍ വളരെ താല്‍പര്യമുള്ളവരാണ് സൗദി. അത് അവര്‍ക്ക് ഇണങ്ങിയ ക്രിക്കറ്റാവുമ്പോള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും.'' അദ്ദേഹം വ്യക്താക്കി.

ദി എയ്ജിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐപിഎല്‍ ഉടമകളെയും ബിസിസിഐയെയും അവരുടെ ട്വന്റി20 ലീഗിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏഷ്യാ കപ്പ്, ഉദ്ഘാടന മത്സരം അല്ലെങ്കില്‍ ഐപിഎല്ലിന്റെ ഒരു റൗണ്ട് എന്നിവ സൗദി അറേബ്യയില്‍ നടത്താനുള്ള സാധ്യതകളും പദ്ധതിയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

അങ്ങനെ ജിയോയുടെ ആ സൗജന്യക്കാലം കൂടി അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്