അര്‍ജ്ജുന്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഡഗ് ഔട്ടില്‍ സമ്മര്‍ദ്ദത്തോടെ ഇരിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും കാണാമായിരുന്നു. വര്‍ഷങ്ങളായി സച്ചിനെ കാണുന്ന ആളാണ് താനെന്നും എന്നാല്‍ സമ്മര്‍ദ്ദഘടത്തില്‍ അര്‍ജ്ജുന്‍ അവസാന ഓവര്‍ എറിഞ്ഞശേഷം സച്ചിന്‍റെ മുഖം കണ്ടപ്പോള്‍ കൂടുതല്‍ സുന്ദരമായി തോന്നിയെന്നും ഹര്‍ഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം അവസാന രണ്ടോവറുകളിലേക്ക് കടക്കുമ്പോള്‍ കളി ആര്‍ക്കും ജയിക്കാമെന്ന സ്ഥിതിയിലായിരുന്നു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഹൈദരാബാദിന് ജയത്തിലേക്ക് രണ്ടോവറില്‍ വേണ്ടിയിരുന്നത് 24 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് ഭുവനേശ്വര്‍ കുമാറും യുവതാരം അബ്ദുള്‍ സമദും.

മത്സരത്തിന്‍റെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ കാമറൂണ്‍ ഗ്രീനാണ് കളി മുംബൈക്ക് അനുകൂലമാക്കിയത്. നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിഞ്ഞ കാമറൂണ്‍ ഗ്രീന്‍ നാലു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ ഹൈദരാബാദിന് ജയത്തിലേക്ക് 20 റണ്‍സ് വേണമെന്നായി. ഹൃത്വിക് ഷൊക്കീനും അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുമായിരുന്നു അവസാന ഓവര്‍ എറിയാന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് മുമ്പിലുള്ള ചോയ്സുകള്‍.

തന്‍റെ രണ്ടാം ഐപിഎല്‍ മത്സരം മാത്രം കളിക്കുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ തന്നെ രോഹിത് പന്തേല്‍പ്പിച്ചു. അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ജ്ജുന്‍ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ക്യാപ്റ്റന്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ച് ഐപിഎല്ലില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിനൊപ്പം ഹൈദരാബാദ് ഇന്നിംഗ്സിനും തിരശീലയിട്ടു. അര്‍ജ്ജുന്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഡഗ് ഔട്ടില്‍ സമ്മര്‍ദ്ദത്തോടെ ഇരിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും കാണാമായിരുന്നു. വര്‍ഷങ്ങളായി സച്ചിനെ കാണുന്ന ആളാണ് താനെന്നും എന്നാല്‍ സമ്മര്‍ദ്ദഘടത്തില്‍ അര്‍ജ്ജുന്‍ അവസാന ഓവര്‍ എറിഞ്ഞശേഷം സച്ചിന്‍റെ മുഖം കണ്ടപ്പോള്‍ കൂടുതല്‍ സുന്ദരമായി തോന്നിയെന്നും ഹര്‍ഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Scroll to load tweet…

മത്സരശേഷം മുംബൈയുടെ ഓള്‍ റൗണ്ട് പ്രകടനത്തെ അഭിനന്ദിച്ച സച്ചിന്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കാമറൂണ്‍ ഗ്രീനിനെയും ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരുടെ ബാറ്റിംഗിനെയും അഭിനന്ദിച്ചു. ഐപിഎല്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ആവേശകരമാകുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച സച്ചിന്‍ മകന്‍ അര്‍ജ്ജുന്‍റെ വിക്കറ്റ് നേട്ടത്തെക്കുറിച്ച് എഴുതിയത് അവസാനം ടെന്‍ഡുല്‍ക്കറുടെ പേരില്‍ ഒരു ഐപിഎല്‍ വിക്കറ്റ് എന്നായിരുന്നു.

ഐപിഎല്ലില്‍ 78 മത്സരം കളിച്ചിട്ടുള്ള സച്ചിന്‍ ആറോവര്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല. ഇതിനെ പരാമര്‍ശിച്ചാണ് സച്ചിന്‍ അവസാനം ടെന്‍ഡുല്‍ക്കറുടെ പേരിലൊരു ഐപിഎല്‍ വിക്കറ്റെന്ന് കുറിച്ചത്.

Scroll to load tweet…