തെറ്റായ പ്രവണതകള്‍ നടക്കുമ്പോള്‍ നിങ്ങളുടെ താല്‍പര്യം സംരക്ഷിക്കാതെ അതിനെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റം കാണിക്കണമെന്ന് ലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇതിഹാസ നായകന്‍
കൊളംബോ: രാജ്യത്തെ സാമ്പത്തിക അസ്ഥിരതയുടെ (Sri Lanka Crisis) പശ്ചാത്തലത്തില്‍ ലങ്കന്‍ താരങ്ങളോട് ഐപിഎല്‍ (IPL 2022) വിട്ട് ഒരാഴ്‌ചത്തേക്ക് നാട്ടിലെത്താന്‍ ആവശ്യപ്പെട്ട് ശ്രീലങ്കന്‍ മുന്‍ നായകനും രാഷ്‌ട്രീയ നേതാവുമായ അര്‍ജുന രണതുംഗ ( Arjuna Ranatunga). ലങ്കയിലെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് താരങ്ങള്‍ പിന്തുണയറിയിക്കണമെന്ന് രണതുംഗ ആവശ്യപ്പെട്ടു.
'ഐപിഎല്ലില്‍ കളിക്കുന്ന ലങ്കന്‍ താരങ്ങള്‍ ആരൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ പേരുകള്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവര്‍ ഐപിഎല്‍ വിട്ട് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രാജ്യത്തെത്തണം. ഐപിഎല്ലില്‍ ചില ലങ്കന്‍ താരങ്ങള്‍ കൂസലില്ലാതെ കളിക്കുന്നുണ്ട്. അവര്‍ സ്വന്തം രാജ്യത്തെ കുറിച്ച് സംസാരിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. ഈ താരങ്ങളും മന്ത്രായത്തിന് കീഴില്‍ ക്രിക്കറ്റ് ബോര്‍ഡിന് കീഴിലാണ് കളിക്കുന്നത്. അവര്‍ സ്വന്തം ജോലി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ചില യുവതാരങ്ങള്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ചതുപോലെ എല്ലാവരും അഭിപ്രായം വ്യക്തമാക്കേണ്ട അവസരമാണിത്.
തെറ്റായ പ്രവണതകള്‍ നടക്കുമ്പോള്‍ നിങ്ങളുടെ താല്‍പര്യം സംരക്ഷിക്കാതെ അതിനെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റം കാണിക്കണം. എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല എന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു. 19 വര്‍ഷമായി ഞാന്‍ രാഷ്‌ട്രീയത്തിലുണ്ട്. ഇതൊരു രാഷ്‌ട്രീയ വിഷയമല്ല. ഇതുവരെ രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ കരുത്താണ് പ്രതിഷേധങ്ങളില്‍ കാണുന്നത്' എന്നും അര്‍ജുന രണതുംഗ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ലങ്കന്‍ താരങ്ങളായ ഭാനുക രജപക്‌സെ, വനിന്ദു ഹസരങ്ക എന്നിവര്‍ നിലവിലെ പ്രതിഷേധങ്ങള്‍ക്ക് ഇതിനകം പിന്തുണയറിയിച്ചിട്ടുണ്ട്.
ഭാനുക രജപക്‌സെ, വനിന്ദു ഹസരങ്ക, ദുഷ്‌മന്ദ ചമീര, മഹീഷ് തീക്‌ഷന, ചാമിക കരുണരത്‌നെ തുടങ്ങിയ താരങ്ങളാണ് ലങ്കയില്‍ നിന്ന് ഐപിഎല്‍ 2022ന്‍റെ ഭാഗമാകുന്നത്. ലങ്കന്‍ ഇതിഹാസങ്ങളായ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ, ലസിത് മലിംഗ തുടങ്ങിവര്‍ ഐപിഎല്ലില്‍ വിവിധ ടീമുകളുടെ പരിശീലക സംഘത്തിലുണ്ട്.
