തന്റെ അച്ഛൻ ഈ നഗരത്തെ ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും ഇരുപതുകാരിയായ ഗ്രേസ് പറഞ്ഞു
ചെന്നൈ: ചെന്നൈക്ക് അടുത്തുള്ള കോവളം ബീച്ചിൽ സർഫിംഗ് ആസ്വദിച്ച് ഓസ്ട്രേലിയയുടെ പവർഫുൾ ഓപ്പണറായിരുന്ന മാത്യൂ ഹെയ്ഡന്റെ മകൾ ഗ്രേസ് ഹെയ്ഡൻ. കോവളം ബീച്ചിൽ സർഫിംഗ് ചെയ്യുന്ന ഗ്രേസിന്റെ വീഡിയോയാണ് വൈറലാകുന്നത്. വണക്കം ചെന്നൈ, ഞാൻ ഗ്രേസ് ഹെയ്ഡൻ... ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡന്റെ മകൾ എന്ന് പറഞ്ഞുകൊണ്ടാണ് ഗ്രേസ് തുടങ്ങുന്നത്. വളരെ രസകരമായ അനുഭവം എന്നാണ് സർഫിംഗിന് ശേഷം ഗ്രേസ് പറഞ്ഞത്.
തന്റെ അച്ഛൻ ഈ നഗരത്തെ ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും ഇരുപതുകാരിയായ ഗ്രേസ് പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യകാലത്തെ സൂപ്പർ സ്റ്റാർ താരങ്ങളിൽ ഒരാളാണ് മാത്യൂ ഹെയ്‍ഡൻ. 2010ൽ ഐപിഎൽ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അംഗവുമായിരുന്നു. 2009ൽ 572 റൺസോടെ ഓറഞ്ച് ക്യാപ്പ് നേടാനും താരത്തിന് സാധിച്ചിരുന്നു. ഈ സീസണിൽ കമന്ററി പാനലിലാണ് ഹെയ്ഡൻ ഉള്ളത്. ടി വി അവതാരികയായ ഗ്രേസ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ കടുത്ത ആരാധിക കൂടിയാണ്.
ടീമിന്റെ ആരാധകർക്കൊപ്പമുള്ള ഗ്രേസിന്റെ ഫോട്ടോ നേരത്തെ വൈറൽ ആയിരുന്നു. അതേസമയം, . ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആഗ്രഹിക്കുന്നത്. സാധ്യത നിലനിര്‍ത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം നേടിയേ മതിയാകൂ എന്ന നിലയിലാണ്. 12 കളിയിൽ 15 പോയിന്റുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിലും മുന്നിലെത്താം. ബാറ്റിംഗിലും ബൗളിംഗിലും ടീമിന് വലിയ ആശങ്കകളൊന്നുമില്ല.
ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്‍വാദും നൽകുന്നത് ഉജ്ജ്വല തുടക്കമാണ്. അജിൻക്യ രഹാനെ, ശിവം ദുബൈ, അമ്പാട്ടി റായിഡു, മൊയിൻ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പിന്നാലെ ഫിനിഷിംഗിന് എം എസ് ധോണി കൂടി ചേരുന്ന വമ്പൻ ബാറ്റിംഗ് നിര തകർന്നടിയാൻ അത്ഭുതങ്ങൾ സംഭവിക്കണം. പരിചയ സമ്പന്നരല്ലെങ്കിലും തുഷാര്‍ ദേശ്‍പാണ്ഡെയും മതീഷ പാതിരാനയും ധോണി പറയുന്നിടത്ത് പന്തെറിയുന്നതാണ് ചെന്നൈയ്ക്ക് ഗുണമാവുന്നത്.

