Asianet News MalayalamAsianet News Malayalam

അരിക്കൊമ്പനല്ല ഇത് 'തല'ക്കൊമ്പന്‍; ധോണിക്ക്, സിഎസ്‍കെയ്ക്ക് അഞ്ചാം ഐപിഎല്‍ കിരീടം

മഴ കാരണം ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സിഎസ്കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടിരുന്നു

Chennai Super Kings and MS Dhoni clinch fifth IPL title in Rain played IPL 2023 Final jje
Author
First Published May 30, 2023, 1:36 AM IST

അഹമ്മദാബാദ്: ഈ കപ്പ് ധോണിക്കുള്ളത്, മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.

മഴ, ബാറ്റിംഗ് കൊടുങ്കാറ്റ്

സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌‌വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. ഔട്ട്ഫീൽഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ വൈകി. ഇതോടെ ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കി. ചെന്നൈക്ക് മുന്നില്‍ വിജയലക്ഷ്യം 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടു. 

വീണ്ടും രഹാനെ

കളി വീണ്ടും തുടങ്ങിയപ്പോള്‍ 87 പന്തില്‍ 167 റണ്‍സാണ് സിഎസ്കെയ്ക്ക് വേണ്ടിയിരുന്നത്. റുതുരാജും കോണ്‍വേയും തകർത്തടിച്ചതോടെ ചെന്നൈ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52ലെത്തി. ആറ് ഓവറില്‍ സ്കോർ- 72. തൊട്ടടുത്ത ഓവറില്‍ ഇരട്ട വിക്കറ്റുമായി സ്പിന്നർ നൂർ അഹമ്മദ് ട്വിസ്റ്റൊരുക്കി. 16 പന്തില്‍ 26 നേടിയ റുതുരാജിനെ റാഷിദ് ഖാന്‍റെയും 25 ബോളില്‍ 47 നേടിയ കോണ്‍വേയെ മോഹിത് ശർമ്മയുടെ കൈകളില്‍ എത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ സിഎസ്കെ 100 തൊട്ടപ്പോള്‍ മികച്ച ഷോട്ടുകളുമായി മുന്നേറവേ അജിങ്ക്യ രഹാനെയ്ക്ക്(13 പന്തില്‍ 27) 11-ാം ഓവറില്‍ മോഹിത് ശർമ്മ മടക്ക ടിക്കറ്റ് കൊടുത്തു. അവസാന മൂന്ന് ഓവറിലെ 38 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മോഹിത് ശർമ്മയെ തൂക്കിയടിച്ച് അമ്പാട്ടി റായുഡു സിഎസ്കെയെ മോഹിപ്പിച്ചു.

'തല' പോയി, ടൈറ്റന്‍സ് തിരിച്ചുവരവ്, പക്ഷേ...

എന്നാല്‍ വീണ്ടും ആഞ്ഞടിക്കവേ അമ്പാട്ടി റായുഡു(8 പന്തില്‍ 19) മോഹിത്തിന് മുന്നില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ എം എസ് ധോണി ഗോള്‍ഡന്‍ ഡക്കായി. തന്‍റെ 250-ാം ഐപിഎല്‍ മത്സരവും 2023 ഫൈനലും ബാറ്റിംഗില്‍ അങ്ങനെ ധോണിക്ക് സമ്പൂർണ നിരാശയായി. മോഹിത് ശർമ്മ വീണ്ടും പന്തെടുത്തപ്പോള്‍ അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ സിഎസ്കെയ്ക്ക് 13 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറോടെ ജഡേജ സിഎസ്കെയ്‍ക്ക് അഞ്ചാം കിരീടം സമ്മാനിച്ചു. ശിവം ദുബെ 21 പന്തില്‍ 32* ഉം, രവീന്ദ്ര ജഡേജ 6 ബോളില്‍ 15* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

മാ'സായി' സുദര്‍ശന്‍

നേരത്തെ, മൂന്നാമനായിറങ്ങി 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സുമെടുത്ത് മടങ്ങി. റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്‌കെയ്‌ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി.

Read more: മൈതാനം ഉണക്കാന്‍ ഇവിടെ ബക്കറ്റും സ്പോഞ്ചും തന്നെ ശരണം; ബിസിസിഐയെ പൊരിച്ച് ആരാധകർ

Follow Us:
Download App:
  • android
  • ios