2021ലെ ഐപിഎല്‍ സീസണില്‍ ആദ്യ ആറു കളികളില്‍ ഹൈദരാബാദ് തോറ്റതിനെത്തുടര്‍ന്നാണ് വാര്‍ണറെ സീസണ്‍ പകുതിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ ടീം വൻ തിരിച്ചടികള്‍ നേരിടുന്നതിനിടെ കടുത്ത ട്രോള്‍ ആക്രമണം ഏറ്റുവാങ്ങി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ. ഡേവിഡ് വാര്‍ണറിന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഹൈദരാബാദില്‍ വിജയം നേടിയതിന് പിന്നാലെയാണ് ആരാധകര്‍ കാവ്യയെ ട്രോള്‍ ചെയ്യുന്നത്. എസ്ആര്‍എച്ചിന്‍റെ ഏറ്റവും മികച്ച താരമായിരുന്ന വാര്‍ണറുടെ പ്രതികാരമായാണ് ആരാധകര്‍ ഈ വിജയത്തെ ആഘോഷിക്കുന്നത്. ഇതിനൊപ്പമാണ് കാവ്യ മാരനെ ട്രോളുന്നതും.

വിജയത്തിന് ശേഷം ഉയര്‍ന്നുചാടി ഹൈദരാബാദിലെ ഓറഞ്ച് ആര്‍മിയെ നോക്കി വാര്‍ണര്‍ മുഷ്ടിചുരുട്ടിയാണ് വിജയാഘോഷം നടത്തിയത്. ഹൈദരാബാദ് നായകനായിരുന്ന വാര്‍ണറെ മോശം പ്രകടനത്തിന്‍റെ പേരിലും തുടര്‍ തോല്‍വികളുടെ പേരിലും ഹൈദരാബാദിന്‍റെ നായകസ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയായിരുന്നു. 2021ലെ ഐപിഎല്‍ സീസണില്‍ ആദ്യ ആറു കളികളില്‍ ഹൈദരാബാദ് തോറ്റതിനെത്തുടര്‍ന്നാണ് വാര്‍ണറെ സീസണ്‍ പകുതിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയത്.

കെയ്ന്‍ വില്യംസണാണ് വാര്‍ണര്‍ക്ക് പകരം പിന്നീട് നായകനായത്. വില്യംസണ് കീഴിലും ഹൈദരാബാദിന് വിജയം നേടാനായിരുന്നില്ല. സീസണില്‍ രണ്ട് കളികളില്‍ മാത്രമാണ് ഹൈദരാബാദ് ജയിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയശേഷം പിന്നീടുള്ള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ പോലും ഇടം ലഭിക്കതിരുന്ന വാര്‍ണര്‍ ഡഗ് ഔട്ടിലും ബൗണ്ടറി ലൈനിനരികിലും വിഷണ്ണനായി ഇരിക്കുന്നത് ആരാധകരുടെ മനസിലെ സങ്കടക്കാഴ്ചയായിരുന്നു. 2022ലെ മെഗാ താരലേലത്തില്‍ ഡല്‍ഹിയിലെത്തിയ വാര്‍ണര്‍ ഇത്തവണ റിഷഭ് പന്തിന്‍റെ അഭാവത്തിലാണ് ഡല്‍ഹിയുടെ നായകനായത്.

കൊവിഡ് കാരണം കഴിഞ്ഞ മൂന്ന് സീസണുകളിലും ഹോം, എവേ മത്സരങ്ങളില്ലാതിരുന്നതിനാല്‍ വാര്‍ണര്‍ക്ക് കഴിഞ്ഞ സീസണില്‍ ഹൈദരാബാദില്‍ കളിക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഇത്തവണ നായകനായി തന്നെ ഹൈദരാബാദില്‍ കളിച്ച വാര്‍ണര്‍ ടീമിന് ആവേശ ജയവും സമ്മാനിച്ച് സണ്‍റൈസേഴ്സിന്‍റെ വായടപ്പിച്ചാണ് ഗ്രൗണ്ട് വിട്ടത്. ഇത്തവണ ആദ്യ അഞ്ച് കളിയിലും തോറ്റ ശേഷമാണഅ ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചത്.

അണയാൻ പോകുന്ന തീയുടെ ആളിക്കത്തലോ അത്! 13.25 കോടിയുടെ മുതൽ, 'വായടപ്പിക്കൽ' ഡയലോഗ് തിരിച്ചടിക്കുന്നു