ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും. യുവനിരയുടെ പ്രസരിപ്പുമായാണ് ഡല്‍ഹി കാപിറ്റല്‍സെത്തുന്നത്. മൂന്ന് ജയംവീതം സ്വന്തമാക്കിയ ഡല്‍ഹിയും ബാംഗ്ലൂരും ട്രാക്കിലായിക്കഴിഞ്ഞു. 

ആരോണ്‍ ഫിഞ്ചിനൊപ്പം സ്ഥിരതയോടെ ബാറ്റ് വീശുന്ന മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ഡിവിലിയേഴ്‌സിനൊപ്പം കോലിയും ഫോം കണ്ടെത്തിയതോടെ ബാറ്റിംഗ് സുശക്തം. ചഹലും സെയ്‌നിയും ഒഴികെയുള്ള ബൗളര്‍മാരായിരിക്കും ബാംഗ്ലൂരിന്റെ ആശങ്ക. 

ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഡല്‍ഹി. ബാറ്റിംഗ് നിരയില്‍ ശ്രേയസ്, പൃഥ്വി ഷോ, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍ എന്നിവര്‍ക്കൊപ്പം പരിചയ സമ്പന്നനായ ശിഖര്‍ ധവാനും. റബാഡയുടെ വേഗവും അശ്വിന്‍,   അമിത് മിശ്ര എന്നിവരുടെ സ്പിന്‍ മാജിക്കിനുമൊപ്പം മാര്‍കസ് സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോല്‍ ഡല്‍ഹി ഒരുപടി മുന്നില്‍.

2011ന് ശേഷം ഏറ്റുമുട്ടിയ 17 കളിയില്‍ ഡല്‍ഹിക്കൊപ്പം മൂന്ന് ജയം മാത്രം. റബാഡ- കോലി, അശ്വിന്‍- ഡിവിലിയേഴ്‌സ് പോരാട്ടവും മത്സരത്തെ ആവേശഭരിതമാക്കും. കോലിക്കെതിരെ 24 റണ്‍സ് മാത്രം വഴങ്ങിയ റബാഡ രണ്ടു തവണ ബാംഗ്ലൂര്‍ നായകനെ പുറത്താക്കുകയും ചെയ്തു. അശ്വിന്‍ അഞ്ചു തവണയാണ് ഡിവിലിയേഴ്‌സിനെ പുറത്താക്കിയത്.